ലോസ്ആഞ്ചലസ് : നടിയും പ്രശസ്ത ഹോളിവുഡ് നടൻ ജോൺ ട്രവോൾട്ടയുടെ ഭാര്യയുമായ കെല്ലി പ്രിസ്‌റ്റൺ അന്തരിച്ചു. 57 വയസായിരുന്നു. രണ്ട് വർഷമായി സ്തനാർബുദ രോഗത്തിന്റെ പിടിയിലായിരുന്നു. ജോൺ ട്രവോൾട്ട ഇൻസ്‌റ്റഗ്രാമിലൂടെയാണ് കെല്ലിയുടെ മരണവാർത്ത പുറത്തുവിട്ടത്. ഞായറാഴ്ച പുലർച്ചെയായിരുന്നു മരണമെന്ന് കുടുംബ പ്രതിനിധി അറിയിച്ചു.
ട്വിൻസ്, ഫ്രം ഡസ്‌റ്റ് റ്റിൽ ഡോൺ, ജെറി മഗ്വൈർ, ദ ക്യാറ്റ് ഇൻ ദ ഹാറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഭർത്താവ് ജോൺ ട്രവോൾട്ടയ്ക്കൊപ്പം ദ എക്സ്പേർട്ട്സ്, ബാറ്റിൽഫീൽഡ് ഏർത്ത്, ഓൾഡ് ഡോഗ്സ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ജോൺ ട്രവോൾട്ടയ്ക്കൊപ്പം അഭിനയിച്ച 2018ൽ പുറത്തിറങ്ങിയ ക്രൈം ബയോ പിക് ആയ ഗോട്ടിയിലാണ് കെല്ലി അവസാനമായി പ്രത്യക്ഷപ്പെട്ടത്.
1962ൽ ഹവായിയിലെ ഹോണോലുലുവിൽ ജനിച്ച കെല്ലി പ്രിസ്‌റ്റണിന്റെ യഥാർത്ഥ പേര് കെല്ലി കാമലേലേഹുവാ സ്മിത്ത് എന്നാണ്. ടെൻ ടു മിഡ്നൈറ്റ് ( 1983 ) ആണ് ആദ്യ ചിത്രം. 1991ലാണ് ട്രവോൾട്ടയും കെല്ലിയും വിവാഹിതരായത്.
ദമ്പതികളുടെ മകൻ ജെറ്റ് ട്രവോൾട്ട 2009ൽ 16ാം വയസിലാണ് മരിച്ചത്. എല്ല ബ്ല്യൂ, ബെഞ്ചമിൻ എന്നിവരാണ് മറ്റ് മക്കൾ.