ko

വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.30 കോടി​ ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് 3885 പേരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 5.71 ലക്ഷമായി. ഇന്നലെ മാത്രം 1,90,000ത്തിലധികം പേർക്ക് കൂടി രോഗം ബാധിച്ചു. ലോകത്താകെ 75.75 ലക്ഷം പേർ രോഗവിമുക്തി നേടി. അമേരിക്കയിലെ പ്രതിദിന രോഗവർദ്ധന 55,000ത്തിലധികമാണ്. അതേസമയം,​ നിയന്ത്രണങ്ങളൊന്നും ഫലപ്രദമാകാത്ത സാഹചര്യത്തിൽ അമേരിക്കയിലും ബ്രസീലിലും ഇനിയെന്ത് ചെയ്യുമെന്നറിയാതെ ഉഴറുകയാണ് സർക്കാരുകൾ.

അമേരിക്കയിൽ രോഗികളുടെ എണ്ണം 34.14ലക്ഷം കടന്നു. 58,349 പേർക്ക് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചു. 380 പേർ കൂടി മരിച്ചതോടെ ഇവിടെ മരണസംഖ്യ 1.37ലക്ഷം കടന്നു. രോഗബാധയിൽ രണ്ടാമതുള്ള ബ്രസീലിൽ 25,364 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 18.66 ലക്ഷത്തിലധികം ആയി. ബ്രസീലിൽ 72,151 പേരാണ് നാളിതുവരെ മരണത്തിന് കീഴടങ്ങിയത്.

ന്യൂയോർക്കിന് ആശ്വാസം

കൊവിഡ്​ കനത്ത നാശം വിതച്ച ന്യൂയോർക്ക്​ നഗരത്തിന്​ ആശ്വാസം. ഞായറാഴ്​ച ന്യൂയോർക്കിൽ​ ഒറ്റ കൊവിഡ്​ മരണം പോലും റിപ്പോർട്ട്​ ചെയ്​തില്ല. നാലുമാസമായി അമേരിക്കൻ ഐക്യനാടുകളിൽ കൊവിഡ്​ ഏറ്റവും കൂടുതൽ നാശം വിതച്ചുകൊണ്ടിരുന്ന നഗരം ന്യൂയോർക്കാണ്​.

മാർച്ച്​ 11നാണ്​ ന്യൂയോർക്കിൽ ആദ്യ കൊവിഡ്​ മരണം റിപ്പോർട്ട് ചെയ്തത്​. ഏപ്രിൽ ഏഴിന്​ കൊവിഡ്​ ബാധിച്ച്​ മരിച്ചത്​ 597 പേരായി. കൂടാതെ അന്നുതന്നെ മരിച്ച 216 പേർക്കും പിന്നീട്​ കൊവിഡ്​ പോസിറ്റീവാണെന്ന്​ തെളിഞ്ഞു. ഏപ്രിൽ ഒമ്പതിന്​ 799 പേരോളം​ കൊവിഡ്​ ബാധിച്ച്​ മരിച്ചു. ഒറ്റദിവസം ഏറ്റവും കൂടുതൽ പേർ മരിച്ചത്​ ഏപ്രിൽ ഒമ്പതിനാണ്​. 18,670 പേരാണ്​ ന്യൂയോർക്കിൽ ഇതുവരെ കൊവിഡ്​ ബാധിച്ച്​ മരിച്ചത്​.

കൊവിഡ് വാക്സിൻ: ക്ലിനിക്കൽ പരീക്ഷണം വിജയിച്ചെന്ന് റഷ്യൻ യൂണിവേഴ്സിറ്റി

മോസ്‌കോ: ലോകത്തെ ആദ്യ കൊവിഡ് വാക്സിന്റെ ക്ലിനിക്കൽ ട്രയൽ അഥവാ മനുഷ്യരിലെ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി റഷ്യൻ യൂണിവേഴ്സിറ്റി. സെഷനോവ് ഫസ്റ്റ് മോസ്‌കോ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലാണ് വാക്‌സിൻ പരീക്ഷണം നടന്നത്. ട്രാൻസ്ലേഷണൽ മെഡിസിൻ ആൻഡ് ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വദിം തർസോവ് ആണ് ഇക്കാര്യം അറിയിച്ചത്. മനുഷ്യരിൽ പരീക്ഷണം നടത്തി വിജയം കൈവരിക്കുന്ന ലോകത്തിലെ ആദ്യ കൊവിഡ് വാക്‌സിനായിരിക്കും റഷ്യയിലേത്.

പരീക്ഷണത്തിന് വിധേയരായ വോളന്റിയർമാരുടെ ആദ്യ സംഘത്തെ നാളെ ഡിസ്ചാർജ് ചെയ്യും. രണ്ടാം സംഘം 20 ന് ആശുപത്രിവിടുമെന്നും അധികൃതർ പറഞ്ഞു. ക്ലിനിക്കൽ പരീക്ഷണം ജൂൺ 18നാണ് യൂണിവേഴ്സിറ്റി തുടങ്ങിയത്. റഷ്യയിലെ ഗാമലീ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എപ്പിഡമോളജി ആൻഡ് മൈക്രോബയോളജിയാണ് വാക്സിൻ നിർമ്മിച്ചത്. വാക്സിൻ മനുഷ്യർക്ക് സുരക്ഷിതമാണോ എന്ന പരീക്ഷണമാണ് നടത്തിയതെന്നും അതിൽ വിജയിച്ചുവെന്നും അധികൃതർ അവകാശപ്പെട്ടു. വാക്സിന്റെ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടെന്നും അവർ പറയുന്നു. അതേസമയം,​ വാക്സിൻ എപ്പോൾ വാണിജ്യാടിസ്ഥാനത്തിൽ നിർമിച്ച് തുടങ്ങാനാവുമെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. റഷ്യയിൽ ഇതുവരെ 7,33,699 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 11,439 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. ലോകാരോഗ്യ സംഘടനയിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് 21 വാക്സിനുകളാണ് നിലവിൽ ക്ലിനിക്കൽ പരീക്ഷണ ഘട്ടത്തിലുള്ളത്.