zindzi

ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യ സമരപോരാളിയും പ്രസിഡന്റുമായിരുന്ന നെൽസൺ മണ്ടേലയുടെ ഏറ്റവും ഇളയ മകൾ സിൻസി മണ്ടേല അന്തരിച്ചു. 59 വയസായിരുന്നു. ഡെൻമാർക്ക് അംബാസിഡറായി ജോലി നോക്കുകയായിരുന്നു സിൻസി. മരണകാരണം ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല. നെൽസൺ മണ്ടേലയുടെയും വിന്നി മണ്ടേലയുടെയും രണ്ടാമത്തെ മകളായ സിൻസി അച്ഛന്റെയും അമ്മയുടെയും രാഷ്ട്രീയ പാത പിന്തുടരുന്ന ആളായിരുന്നു.

കേപ്പ് ടൗൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ സിൻസി നല്ലൊരു കവയിത്രി കൂടിയായിരുന്നു.

സെലിബെൻസി ഗ്ളോങ്ങ്‌വെയ്ൻ ആണ് സിൻസിയുടെ ആദ്യ ഭർത്താവ്. പിന്നീട്, 2013ൽ ദക്ഷിണാഫ്രിക്കൻ നാഷണൽ ഡിഫൻസ് ഫോഴ്സിൽ അംഗമായ മൊലാപോ മൊത്ൽഹജ്‌വയെ വിവാഹം കഴിച്ചു. സൊലേക മണ്ടേല, സോണ്ട്വാ മണ്ടേല, ബംപത മണ്ടേല, സ്വലാബോ മണ്ടേല എന്നിവരാണ് മക്കൾ.

പ്രതിഷേധക്കുറിപ്പ് വായിച്ചു

പ്രഥമ വനിതയായി

1985ൽ അന്നത്തെ സൗത്താഫ്രിക്കൻ ഭരണാധികാരി പി.ഡബ്ളിയു.ബോത്തയ്ക്കെതിരെ പ്രതിഷേധക്കുറിപ്പ് വായിച്ചതോടെയാണ് സിൻസി ലോക ശ്രദ്ധ നേടുന്നത്. ചില ഉപാധികളോടെ നെൽസൺ മണ്ടേലയെ ജയിൽ മോചിതനാക്കാം എന്ന ബോത്തയുടെ നിർദ്ദേശത്തിനെതിരെ മണ്ടേല തന്നെ എഴുതിയ വിയോജനക്കുറിപ്പാണ് സിൻസി വൻ പുരുഷാരത്തിനു മുന്നിൽ വായിച്ചത്. നെൽസൺ മണ്ടേല 1996ൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായപ്പോൾ പ്രഥമ വനിതയായത് മകളായ സിൻസിയായിരുന്നു. ആ സമയത്ത് ഭാര്യ വിന്നിയുമായി നെൽസൺ മണ്ടേല ബന്ധം വേർപെടുത്തിയിരുന്നു. തുടർന്നാണ് സിൻസി പ്രഥമ വനിതയായി അച്ഛനൊപ്പം എത്തിയത്. അതോടെ ദക്ഷിണാഫ്രിക്കയിൽ പ്രഥമ വനിതയാകുന്ന ആദ്യ മകളെന്ന ബഹുമതിയും സിൻസിയെ തേടി എത്തി.