കൊവിഡിനെ കടന്ന് ഇംഗ്ളണ്ടിലെത്തിയ വെസ്റ്റ് ഇൻഡീസ് ആദ്യ ടെസ്റ്റിൽ നേടിയ അവിസ്മരണീയ വിജയത്തെക്കുറിച്ച്
കരീബിയൻ കരുത്തന്മാർ ആദ്യം കീഴടക്കിയത് കൊവിഡിനെയാണ്. ലോകം മുഴുവൻ കാലപാശവുമായിറങ്ങിയ കൊറോണ വൈറസിനെ പേടിച്ച് ക്രിക്കറ്റ് മാറിനിന്നപ്പോൾ ഇംഗ്ളണ്ടിൽ പോയി ടെസ്റ്റ് പരമ്പര കളിക്കാം എന്ന ധീരമായ തീരുമാനമെടുത്തപ്പോഴേ വിൻഡീസ് ക്രിക്കറ്റിന് വിജയികളുടെ പരിവേഷമുണ്ടായിരുന്നു.
കനത്ത സുരക്ഷാമാർഗങ്ങൾ പാലിച്ച് ഒരു മാസം മുന്നേ ഇംഗ്ളണ്ടിലെത്തി ക്വാറന്റൈനിൽ കഴിഞ്ഞ അവർ ഇപ്പോഴിതാ ആദ്യ ടെസ്റ്റിൽ അടിപൊളി വിജയവും നേടിയിരിക്കുന്നു. ഇംഗ്ളണ്ടിനെ അവരുടെ നാട്ടിൽ ചെന്ന് തോൽപ്പിക്കുക വിൻഡീസിന്റെ പാരമ്പര്യത്തിൽ അത്ര വലിയ കാര്യമല്ലായിരിക്കാം. പക്ഷേ സമീപകാലത്തെ കരീബിയൻ സംഘത്തെ സംബന്ധിച്ചിടത്തോളം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ തങ്ങളുടെ ആദ്യ വിജയം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
സതാംപ്ടണിൽ ടെസ്റ്റ് ക്രിക്കറ്റിന്റെ സകല ആവേശവും നിറഞ്ഞുനിന്ന മത്സരത്തിലായിരുന്നു വിൻഡീസിന്റെ നാലുവിക്കറ്റ് വിജയം. ബാറ്റിംഗിലും ബൗളിംഗിലും ഇരുവശത്തും ഉശിരൻ പോരാട്ടങ്ങൾ കണ്ടു. അവസാന സമയത്ത് ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്ന ത്രില്ലർ മൂഡും സൃഷ്ടിക്കപ്പെട്ടു. 117 ദിവസങ്ങൾ മാറി നിന്ന ക്രിക്കറ്റിന്റെ തിരിച്ചുവരവിന് ഉചിതമായ രീതിയിലാണ് മത്സരം അവസാനിച്ചതും.
തിരിച്ചുവരവിന്റെ ആദ്യ ദിനം ഏറെക്കുറെ മഴ അപഹരിച്ച ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇംഗ്ളണ്ടിന്റെ താത്കാലിക ക്യാപ്ടൻ ബെൻ സ്റ്റോക്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.ആദ്യ ദിനം 18 ഒാവർ പൂർത്തിയാകും മുമ്പ് കളിനിറുത്തേണ്ടിവന്നു.35/1 എന്ന നിലയിലായിരുന്നു ഇംഗ്ളണ്ട് അപ്പോൾ.
രണ്ടാം ദിനം കണ്ടത് വിൻഡീസ് ബൗളർമാരുടെ വീര്യം. ആറ് വിക്കറ്റുകളുമായി നായകൻ ജാസൺ ഹോൾഡറും നാല് വിക്കറ്റുകളുമായി ഷാനോൺ ഗബ്രിയേലും തകർത്താടിയപ്പോൾ ആതിഥേയരുടെ ആദ്യ ഇന്നിംഗ്സ് 204 റൺസിൽ അവസാനിച്ചു.മറുപടിക്കിറങ്ങിയ വിൻഡീസ് 57/1ൽ നിൽക്കവേ രണ്ടാം ദിനത്തിന് കർട്ടൻ വീണു.
മൂന്നാം ദിനം വിൻഡീസ് ബാറ്റ്സ്മാന്മാരുടെ പോരാട്ടം കണ്ടു.ബ്രാത്ത്‌വെയ്റ്റ്(65),ക്യാംപ്ബെൽ(28),റോൾട്ടൺ ചേസ്(47), ഷേൻ ഡോർവിച്ച് (61),ഷമർ ബ്രൂക്ക്സ് (39) എന്നിവരെല്ലാം ഉത്തരവാദിത്വത്തോടെ ബാറ്റ് വീശിയപ്പോൾ വിൻഡീസ് സ്കോർ 318ലെത്തി. മറുപടിക്കിറങ്ങിയ ഇംഗ്ളണ്ട് 15 റൺസിലെത്തിയപ്പോൾ മൂന്നാം ദിനവും അവസാനിച്ചു.
നാലാം ദിനമായിരുന്നു ഏറ്റവും നിർണായകം. രണ്ടാം ഇന്നിംഗ്സിൽ പിഴവുകൾ പരിഹരിച്ച് മുന്നോട്ടുനീങ്ങിയ ഇംഗ്ളണ്ടിനെ അവസാനസെഷനിൽ അടിപതറിക്കാൻ വിൻഡീസ് ബൗളിംഗിന് കഴിഞ്ഞു.ഒരു ഘട്ടത്തിൽ 249/3 എന്ന നിലയിലായിരുന്ന ആതിഥേയരെ 284/8ലെത്തിച്ചാണ് ദിവസം പൂർത്തിയാക്കിയത്.
അഞ്ചാം ദിനം ഇംഗ്ളണ്ടിന്റെ ഇന്നിംഗ്സ് 313ൽ അവസാനിപ്പിച്ചപ്പോൾ വിൻഡീസിന് ലക്ഷ്യം 200. എന്നാൽ മുൻ നിരയിലെ ആദ്യ നാലുപേർ രണ്ടക്കം കടക്കാതെ കൂടാരം കയറിയപ്പോൾ ഇംഗ്ളണ്ട് വിജയം പ്രതീക്ഷിച്ചു. നടുക്കടലിൽ നിന്ന് വിജയത്തീരത്തേക്ക് വിൻഡീസിന്റെ തുഴച്ചിലിൽ അമരത്തുണ്ടായിരുന്നത് ബ്ളാക്ക് വുഡാണ്(95). ചേസും(37) ഡോർവിച്ചും (20) തങ്ങളുടെ റോൾ നിറവേറ്റി മടങ്ങിയപ്പോൾ പരിക്കേറ്റ് മടങ്ങിയിരുന്ന ക്യാംപ്ബെൽ(8*) ഇറങ്ങിവന്ന് നായകൻ ജാസൺ ഹോൾഡർ(14*)ക്കൊപ്പം വിജയത്തിലെത്തിക്കുകയായിരുന്നു.
വിൻഡീസിന്റെ
വിജയശിൽപ്പികൾ
1.ഷാനോൺ ഗബ്രിയേൽ
ടോസ് നേടിയിറങ്ങിയ ഇംഗ്ളണ്ടിന്റെ കണക്കുകൂട്ടലുകൾ തുടക്കത്തിലേ തെറ്റിച്ചത് ഷാനോണാണ്.തന്റെ ആദ്യ ഒാവറിൽത്തന്നെ സിബിലിയെ പുറത്താക്കിയ ഷാനോൺ ആദ്യ ഇന്നിംഗ്സിൽ ആകെ നേടിയത് നാലുവിക്കറ്റുകൾ.രണ്ടാം ഇന്നിംഗ്സിൽ വാലറ്റത്തെ അരിഞ്ഞൊതുക്കി അഞ്ചുവിക്കറ്റുകൾ. വ്യക്തിഗത പ്രകടനങ്ങൾകൊണ്ട് ഹോൾഡറും ബ്ളാക്ക്‌വുഡും ഹീറോകളായ മത്സരത്തിൽ മാൻ ഒഫ് ദ മാച്ചായത് ഷാനോണാണ്.
2. ജെർമെയ്ൻ ബ്ളാക്ക്‌വുഡ്
രണ്ടാം ഇന്നിംഗ്സിലെ ബ്ളാക്ക്‌വുഡിന്റെ ചെറുത്തുനിൽപ്പാണ് കളിയുടെ ഗതിമാറ്റിയത്.200 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസിന് പരിക്ക്മൂലം ക്യാംപ്ബെലിനെ നഷ്ടമായി. ഏഴ് റൺസെടുത്തപ്പോഴേക്കും ബ്രാത്ത്‌വെയ്റ്റും (4) ഷമാർ ബ്രൂക്ക്സും (0) കൂടാരം കയറി.ടീം സ്കോർ 27-ൽ വച്ച് ഷായ് ഹോപ്പും മടങ്ങിയപ്പോഴാണ് ബ്ളാക്ക് വുഡിന്റെ വരവ്. പതറാതെ പിടിച്ചു നിന്ന ഇൗ 29കാരൻ കരിയറിലെ തന്റെ രണ്ടാമത്തെ സെഞ്ച്വറിക്ക് അഞ്ചുറൺസ് അകലെ വച്ചാണ് കൂടാരം കയറിയത്.154 പന്തുകൾ നേരിട്ട് 12 ബൗണ്ടറികൾ പറത്തി.
3. ജാസൺ ഹോൾഡർ
ആദ്യ ഇന്നിംഗ്സിൽ വിൻഡീസിനായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയത് ക്യാപ്ടൻ ഹോൾഡറാണ്.20 ഒാവറുകളിൽ ആറ് മെയ്ഡനടക്കം 42 റൺസ് വഴങ്ങി വീഴ്ത്തിയത് ആറ് വിക്കറ്റുകൾ.രണ്ടാം ഇന്നിംഗ്സിൽ ഒരു വിക്കറ്റേ ലഭിച്ചുള്ളൂ. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിൽ ബ്ളാക്ക് വുഡ് പുറത്തായപ്പോഴും പ്രതീകഞ്ഞ പകർന്നത് ഹോൾഡറുടെ സാന്നിദ്ധ്യം.
4. ഷേൻ ഡോർവിച്ച്
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഡോർവിച്ച് ആദ്യ ഇന്നിംഗ്സിൽ 61 റൺസ് നേടി. രണ്ടാം ഇന്നിംഗ്സിൽ 20 റൺസും. ടീമിന് ഏറ്റവും അത്യാവശ്യമായ ഘട്ടത്തിലായിരുന്നു ഇൗ ഇന്നിംഗ്സുകൾ എന്നതാണ് ഡോർവിച്ചിനെ വിലപ്പെട്ടവനാക്കുന്നത്.
ഇംഗ്ളണ്ടിന് പറ്റിയ പിഴവുകൾ
1. മഴ വൈകിപ്പിച്ച മത്സരത്തിൽ ടോസ് കിട്ടിയിട്ടും ആദ്യ ബാറ്റിംഗ് തിരഞ്ഞെടുത്ത ബെൻ സ്റ്റോക്സ് മണ്ടത്തരമാണ് കാട്ടിയതെന്ന് മത്സരഫലം തെളിയിച്ചു.
2. ഇംഗ്ളീഷ് പേസർ സ്റ്റുവർട്ട് ബ്രോഡിനെ ടീമിൽ നിന്ന് ഒഴിവാക്കിയതും തിരിച്ചടിച്ചു. ആൻഡേഴ്സണിനും ആർച്ചർക്കും ഒപ്പം ബ്രോഡും കൂടി ഉണ്ടായിരുന്നെങ്കിൽ കഥ മാറിയേനെ.
3. മത്സരത്തിന്റെ ഗതി കൃത്യമായി നിരീക്ഷിക്കാൻ സ്റ്റോക്സിന് കഴിഞ്ഞില്ല.തങ്ങൾക്ക് മത്സരത്തിലേക്ക് തിരിച്ചുവരാൻ ലഭിച്ച പല അവസരങ്ങളും പാഴാക്കി.
4. രണ്ടാം ഇന്നിംഗ്സിൽ ലീഡ് 150 കഴിഞ്ഞപ്പോഴേക്കും തങ്ങൾക്ക് വിജയമോ സമനിലയോ ഉറപ്പെന്ന രീതിയിലായിരുന്നുആതിഥേയ ബാറ്റിംഗ്.ഫലമോ ലീഡ് 200ൽ ഒതുങ്ങി.
5. രണ്ടാം ഇന്നിംഗ്സിൽ വിൻഡീസിന്റെ മുൻനിര വീണപ്പോഴും ഇതേ അമിത ആത്മവിശ്വാസം അവരെ ബാധിച്ചു.
സ്കോർ ബോർഡ്
ഇംഗ്ളണ്ട് ഒന്നാം ഇന്നിംഗ്സ് : 204
സ്റ്റോക്സ് 43,ബട്ട്‌ലർ 35,ബെസ് 31*,ബേൺസ് 30
ഹോൾഡർ 6\42,ഷാനോൺ 4\62
വിൻഡീസ് ഒന്നാം ഇന്നിംഗ്സ് : 318
ബ്രാത്‌വെയ്റ്റ് 65, ഡോർവിച്ച് 61,ചേസ് 47,ബ്രൂക്ക്സ് 39
സ്റ്റോക്സ് 4\49,ആൻഡേഴ്സൺ 3\62
ഇംഗ്ളണ്ട് രണ്ടാം ഇന്നിംഗ്സ് : 313
ക്രാവ്‌ലി 76, സിബിലി 50, സ്റ്റോക്സ് 46, ബേൺസ് 42
ഷാനോൺ 5\75,അൽസാരി 2\45
വിൻഡീസ് രണ്ടാം ഇന്നിംഗ്സ് 200/6
ബ്ളാക്ക്‌വുഡ് 95, ചേസ് 37, ഡോർവിച്ച് 20
ആർച്ചർ 3\45,സ്റ്റോക്സ് 2\39
5
തുടർച്ചയായ അഞ്ചാമത്തെ ടെസ്റ്റ് പരമ്പരയിലാണ് ഇംഗ്ളണ്ട് ആദ്യ മത്സരത്തിൽ തോൽക്കുന്നത്.2019 വിൻഡീസിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിലും ഇംഗ്ളണ്ട് തോറ്റിരുന്നു. തുടർന്ന് ഇതേവർഷം ആസ്ട്രേലിയയ്ക്കും ന്യൂസിലാൻഡിനും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ പരമ്പരകളിലും ആദ്യ കളി തോറ്റു.
ബ്രോഡിനെ പ്ളേയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചതിൽ ഖേദമൊന്നുമില്ല. ഞാനെടുക്കുന്ന തീരുമാനങ്ങളിൽ പശ്ചാത്തപിക്കാറുമില്ല. എവിടെയാണ് തെറ്റുകൾ പറ്റിയതെന്ന് നന്നായറിയാം. അത് തിരുത്താനുമറിയാം.ആദ്യ ഇന്നിംഗ്സിൽ 70-80 റൺസ് കൂടി നേടിയിരുന്നെങ്കിൽ വിധി മറ്റൊന്നായേനെ.
- ബെൻ സ്റ്റോക്സ്
ഇംഗ്ളണ്ട് ക്യാപ‌്ടൻ
ഇത് ഞങ്ങളുടെ കൂട്ടായ്മയുടെ വിജയമാണ്. ലോക്ക്ഡൗണും ക്വാറന്റൈനും ഒക്കെച്ചേർന്ന് മാസങ്ങളായി നല്ലൊരു കൂട്ടായ്മ ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ട്. ആ ഒരുമയാണ് കളിക്കളത്തിലും പ്രതിഫലിച്ചത്. നാലാം ദിവസത്തെ ബൗളിംഗ് തിരിച്ചുവരവാണ് നിർണായകമായത്.
- ജാസൺ ഹോൾഡർ
വിൻഡീസ് ക്യാപ്ടൻ
മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ അടുത്ത രണ്ട് ടെസ്റ്റുകളും മാഞ്ചസ്റ്ററിലാണ് നടക്കുക.രണ്ടാം ടെസ്റ്റ് ഇൗ മാസം 16നും മൂന്നാം ടെസ്റ്റ് 24 നും തുടങ്ങും.