ബ്രസീലിയ: വാലന്റീനയുടെ കണ്ണുകളിൽ മാത്രമല്ല അവളുടെ മനസിനുള്ളിലുമുണ്ട് ആത്മവിശ്വാസത്തിന്റെ തിളക്കം.അതിന്റെ തെളിവാണ് അവളുടെ ഒാരോ വിജയവും. സ്പോർട്സ് ഇല്ലസ്ട്രേറ്റഡ് മാഗസിന്റെ കവർഗേളായാണ് വാലന്റീന എന്ന ട്രാൻസ് യുവതി ചരിത്രം തിരുത്തിക്കുറിച്ചിരിക്കുന്നത്. മാഗസിന്റെ സ്വിം സ്യൂട്ട് ലക്കത്തിൽ മോഡലായതോടെ ഇത്തരത്തിൽ കവർ ഗേളാകുന്ന ആദ്യ ട്രാൻസ്ജെൻഡർ എന്ന ബഹുമതിയാണ് വാലന്റീനയെ തേടിയെത്തിയത്.
ആദ്യമായാണ് സ്പോർട്സ് ഇല്ലസ്‌ട്രേറ്റഡ് മാഗസിന്‍ ഇത്തരത്തിൽ ഒരു ചുവടുവയ്പ് നടത്തുന്നത്. തന്റെ ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിച്ചതിൽ അത്ഭുതം തോന്നുന്നെന്നും ആദരിക്കപ്പെട്ടതായി കരതുന്നുവെന്നുമാണ് വാലന്റീന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒപ്പം മനോഹരമായ ഒരു ചിത്രവും താരം ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്.
വിക്ടോറിയ സീക്രട്ട് ബ്രാൻഡിന്റെ ആദ്യത്തെ ട്രാൻസ്ജെൻഡർ മോഡൽ, വോഗ് മാഗസിൻ തായ്‌വാൻ എഡിഷൻ, എലെ മാഗസിൻ ഫ്രാൻസ് എഡിഷന്‍ എന്നിവയുടെ കവർ മോഡൽ തുടങ്ങി ഈ രംഗത്തുള്ള നിരവധി പേർക്ക് പ്രചോദനമാകുന്ന ഒരുപാട് നേട്ടങ്ങൾ വാലന്റീന സ്വന്തമാക്കിയിട്ടുണ്ട്.
വടക്കൻ ബ്രസീലിലെ ഒരു മത്സ്യബന്ധന ഗ്രാമത്തിലാണ് വാലന്റീനയുടെ ജനനം. ബ്രസീൽ മനോഹരമായ ഒരു രാജ്യമാണ്. എന്നാൽ ട്രാൻസ് വ്യക്തികൾക്കെതിരായ അതിക്രമങ്ങൾ ഇവിടെ കൂടുതലാണ്. ഉള്ളിലുള്ള യാഥാർത്ഥ്യം തിരിച്ചറിയപ്പെടുക എന്നു പറഞ്ഞാൽ തന്നെ നമ്മുടെ പ്രിയപ്പെട്ടവരുടെ ഹൃദയത്തിൽ നിന്ന് എന്നന്നേക്കുമായി പുറത്താകുക എന്നുകൂടിയാണ് ഇവിടെയുള്ള അർത്ഥം. നിലനിൽപ്പിനായി അവഹേളനങ്ങളും അതിക്രമങ്ങളും ധാരാളം സഹിക്കേണ്ടി വരും. ഭയന്ന് വിറച്ച് ജീവിക്കേണ്ടി വരും. വളരാനും പഠിക്കാനും നല്ല ജോലി നേടാനും കുടുംബത്തിന്റെ അംഗീകാരം നേടാനുമുള്ള ഞങ്ങളുടെ സാദ്ധ്യതകൾ വളരെ കുറവും പ്രയാസമേറിയവയുമാണ് - തന്റെ പോരാട്ടത്തെക്കുറിച്ച് കുറഞ്ഞ വാക്കുകളിൽ വാലന്റീന ഇൻസ്റ്റാഗ്രാമിൽ കുറിച്ചിട്ടു.