covid-death

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. പരിയാരത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച കുന്നോത്തുപറമ്പ് മുൻ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഹജ്ജുമ്മ(63)യ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ പരിയാരം മെഡിക്കൽ കോളേജിൽവച്ചായിരുന്നു മരണം സംഭവിച്ചത്. അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു.

ഇവരുടെ ഭർത്താവിനും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഉറവിടം വ്യക്തമല്ല. അതേസമയം, തിരൂരിലെ സർക്കാർ ക്വാറന്റീൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയവേ കുഴഞ്ഞു വീണ് മരിച്ച തിരൂർ സ്വദേശിയുടെ പരിശോധന ഫലം നെഗറ്റീവാണ്.

ഇന്ന് സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തിരുന്നു. കോട്ടയം ജില്ലയിലെ പാറത്തോട് സ്വദേശി അബ്ദുൾ സലാമാണ് (71) മരിച്ചത്. ആട്ടോറിക്ഷ ഡ്രൈവറായിരുന്നു ഇദ്ദേഹം. എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് അറിവായിട്ടില്ല. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കടുത്ത വൃക്കരോഗിയായിരുന്നു. കൂടാതെ പ്രമേഹവുമുണ്ടായിരുന്നു.