ന്യൂഡൽഹി: ഇന്ത്യയ്ക്കു വേണ്ടി പ്രത്യേക ഡിജിറ്റൈസേഷന്‍ പദ്ധതി പ്രഖ്യാപിച്ച് ഗൂഗിള്‍. അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെയുള്ള കാലയളവിൽ 75,000 കോടി രൂപ ഇന്ത്യയില്‍ നിക്ഷേപിക്കും എന്ന് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ വ്യക്തമാക്കി.ആറാമത് ഗൂഗിള്‍ ഫോര്‍ വെര്‍ച്വല്‍ മീറ്റിലായിരുന്നു പ്രഖ്യാപനം. ഇക്വിറ്റി ഇന്‍വെസ്റ്റ്‌മെന്റുകളിലൂടെയും മറ്റ് സ്ഥാപനങ്ങളോട് ചേര്‍ന്നുള്ള പദ്ധതികളിലൂടെയുമായിരിക്കും ഇന്ത്യയില്‍ ഇത്രയും തുക നിക്ഷേപിക്കുക .
പത്ത് ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് പിച്ചൈ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പത്ത് രംഗത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതായിരിക്കും നിക്ഷേപം, പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യയെന്ന വീക്ഷണത്തിനുള്ള പിന്തുണയാണിതെന്ന് പിച്ചൈ ട്വീറ്റ് ചെയ്തു.ഇന്ത്യയ്ക്ക് ആവശ്യമായ പ്രത്യേക ഉത്പന്നങ്ങളും സേവനങ്ങളും ഗൂഗിള്‍ പുറത്തിറക്കും.
ഇന്ത്യയുടെ ഭാവിയിലും രാജ്യത്തിന്റെ ഡിജിറ്റല്‍ ഇക്കോണമിയിലുമുള്ള ഗൂഗിളിന്റെ വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ നിക്ഷേപം.ഇന്ന് രാവിലെ പിച്ചൈയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വീഡിയോ കോള്‍ വഴി സംസാരിച്ചിരുന്നു. പ്രാദേശിക ഭാഷകള്‍ക്ക് മുന്‍ തൂക്കം നല്‍കി വിവര സാങ്കേതിക രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരും. ഡിജിറ്റല്‍ പരിവര്‍ത്തനത്തിനായി ചെറുകിട ബിസിനസുകളെ ഉള്‍പ്പെടെ പ്രോത്സാഹിപ്പിക്കും. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ മാറ്റങ്ങള്‍ കൊണ്ടു വരും.