kandukrisikulam
മലിനമായി കിടക്കുന്ന കണ്ടുകൃഷി കുളം

മുടപുരം: ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ മുടപുരം- കണ്ടുകൃഷിക്കുളം കാളിന്ദിക്ക് സമം.

പായലും മാലിന്യങ്ങളും നിറഞ്ഞ കുളത്തിലെ വെള്ളം ഉപയോഗിക്കാൻ തന്നെ ഇവിടത്തുകാർക്ക് ഭയമാണ്. മുടപുരം-കണ്ടുകൃഷി ഏലാകളിലെ ജലസേചനത്തിന് ഉതകുന്ന കുളമാണ് അധികൃതരുടെ അവഗണനയിൽ വിസ്മൃതിയിലായത്. 400 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കുളത്തിന്റെ പാർശ്വഭിത്തികൾ പൊട്ടിപ്പൊളിഞ്ഞിട്ട് വർഷങ്ങളായി.

പായലും പ്ളാസ്റ്റിക് കുപ്പികളും മറ്റ് മാലിന്യങ്ങളും കൊണ്ട് കുളം മൂടി. മുമ്പ് കുളിക്കാനും തുണികഴുകാനുമൊക്കെ കുളം ഉപയോഗിച്ചിരുന്നു. കൽപ്പടവുകളും മറ്റും തകർന്നിരിക്കുന്നതിനാൽ കുളത്തിൽ ഇറങ്ങാൻ തന്നെ എല്ലാവർക്കും പേടിയാണ്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും കുളത്തിന്റെ പുനരുദ്ധാരണം നടത്തണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ആറാട്ടുകുളവും

ശിവകൃഷ്ണപുരം ശിവകൃഷ്ണക്ഷേത്രത്തിലെ രോഹിണി-അത്തം മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന ആറാട്ട് ഘോഷയാത്ര ഈ കുളത്തിൽ വന്ന് ആറാടിയ ശേഷമാണ് തിരികെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത്. അതിനാൽ ക്ഷേത്രത്തിന്റെ ആറാട്ടുകുളം എന്ന പ്രത്യേകതയും ഇതിനുണ്ട്. എന്നിട്ടും 400 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ കുളത്തെ അനേക വർഷങ്ങളായി അധികൃതർ അവഗണിക്കുകയാണെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.

നെൽക്കൃഷിക്ക് അനിവാര്യം

മുടപുരം, കണ്ടുകൃഷി പാടശേഖരങ്ങൾ തരിശിടാതെ 11 ഹെക്ടറിൽ നെൽകൃഷി ചെയ്തിരിക്കുകയാണ്. ഇവിടെ ജലസേചനത്തിനായി കണ്ടുകൃഷി കുളത്തിലെ വെള്ളം ആവശ്യമാണ്. കുളത്തിൽ നിന്ന് പാടശേഖരത്തിലേക്ക് വെള്ളം എത്തിക്കുന്നതിന് കൈത്തോട് ഉണ്ടെങ്കിലും അത് പലഭാഗത്തും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. അതിനാൽ വെള്ളം പൂർണമായും ഏലാകളിലെത്തുന്നില്ല. അതിനാൽ കൈത്തോട് പുതുക്കി പണിയണമെന്നാണ് കർഷരുടെ ആവശ്യം.

----------------------------------
കണ്ടുകൃഷി ആറാട്ടുകുളം പുതുക്കിപ്പണിത് മാലിന്യങ്ങൾ നീക്കം ചെയ്യണം. എല്ലാ വർഷവും ശിവകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവ സമയത്ത് കുളം വൃത്തിയാക്കാൻ ഗ്രാമ പഞ്ചായത്ത് നടപടി സ്വീകരിക്കണം.
കെ.ആർ. ദിലീപ് (സെക്രട്ടറി,എസ്.എൻ.ഡി.പി.യോഗം ശിവകൃഷ്ണപുരം ശാഖ)

കുളത്തിന്റെ വിസ്തൃതി: 400 ചതുരശ്ര മീറ്റർ

ഏലാകളിലെ നെൽക്കൃഷി: 11 ഹെക്ടർ