
ചെങ്ങന്നൂർ: ക്ഷേത്ര ഭരണത്തിൽ മതേതര സർക്കാരിന് ചോദ്യം ചെയ്യപ്പെടാനാവാത്ത അധികാരവും അവകാശവുമുണ്ടെന്ന നിലപാടിനേറ്റ കനത്ത തിരിച്ചടിയാണ് പദ്മനാഭസ്വാമി ക്ഷേത്രക്കേസിലെ സുപ്രീംകോടതി വിധിയെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു. വിധിയെ ദേവസ്വം മന്ത്രി സ്വാഗതം ചെയ്തതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ സർക്കാർ ഏറ്റെടുത്ത ഗുരുവായൂർ ക്ഷേത്രം ഉൾപ്പെടെ ഭക്തജനങ്ങൾക്ക് തിരിച്ചുനൽകണം.
ക്ഷേത്രഭരണം സംബന്ധിച്ച് രാജാവും കേന്ദ്രസർക്കാരും ഒപ്പ് വച്ച ഉടമ്പടിക്ക് സാധുത നൽകുന്ന വിധിയോടെ, കേരളത്തിലെ ദേവസ്വംബോർഡുകൾക്ക് നിയമ സാധുതയില്ലാതായി. ഉടമ്പടി പ്രകാരം സ്വതന്ത്ര പരമാധികാര ബോർഡിന് പകരം രാഷ്ട്രീയ നേതാക്കൾ അംഗങ്ങളായ ബോർഡാണ് സർക്കാർ രൂപീകരിച്ചത്. സർക്കാർ ക്ഷേത്ര സംബന്ധമായി സ്വീകരിച്ച എല്ലാനടപടികളും നിയമവിരുദ്ധമാണെന്ന് വിധി വ്യക്തമാക്കുന്നുവെന്നും കുമ്മനം പറഞ്ഞു.