കല്ലമ്പലം: നിരവധി പേർക്ക് തൊഴിൽ നൽകേണ്ട പൊതുസ്ഥാപനത്തിന് ലോക്ക് വീണിട്ട് പത്തുവർഷം കഴിഞ്ഞിട്ടും അധികൃതർ ആലസ്യത്തിൽ. നാവായിക്കുളം പഞ്ചായത്തിന്റെ കീഴിലുള്ള പീപ്പിൾ തൊഴിൽ യൂണിറ്റാണ് വർഷങ്ങളായി അടഞ്ഞുകിടക്കുന്നത്. 2008ൽ നാവായിക്കുളം സഹകരണബാങ്ക് കെട്ടിടത്തിൽ അച്ചാർ നിർമ്മാണ യൂണിറ്റായാണ് സ്ഥാപനം പ്രവർത്തനമാരംഭിച്ചത്. രണ്ടര വർഷത്തോളം അച്ചാറും പലഹാരങ്ങളുമൊക്കെ നിർമ്മിച്ച് സജീവമായിരുന്നു. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് കെട്ടിട നിർമാണത്തിന് തുക അനുവദിച്ചതോടെ തുടർന്ന് മരുതിക്കുന്ന് തോളൂർ മാർക്കറ്റിനുള്ളിലെ പഞ്ചായത്ത് ഭൂമിയിൽ കെട്ടിടം നിർമ്മിച്ച് സ്ഥാപനത്തിന്റെ പ്രവർത്തനം അവിടേക്ക് മാറ്റി. എന്നാൽ ഉദ്ഘാടനത്തിന് ശേഷം ആറ് മാസം മാത്രമാണ് യൂണിറ്റ് പ്രവർത്തിച്ചത്. ഇരുപത്തിഅഞ്ചോളം വനിതകൾക്ക് സ്വയം തൊഴിൽ നൽകുന്നതിനുള്ള പരിശീലനവും യന്ത്രസാമഗ്രികളും പദ്ധതി തുകയും ജില്ലാ പഞ്ചായത്ത് അനുവദിച്ചിരുന്നു. എന്നാൽ ഇതെല്ലാം പാഴാകുകയാണുണ്ടായത്. ഉത്പന്നങ്ങൾ മാർക്കറ്റ് ചെയ്യുന്നതിലുണ്ടായ പരാജയാണ് യൂണിറ്റ് പൂട്ടാൻ കാരണമായത്.
പാഴാകുന്നത് ലക്ഷങ്ങൾ
ലക്ഷങ്ങൾ വിലമതിക്കുന്ന യന്ത്രസാമഗ്രികളും കെട്ടിടവും വെറുതേകിടന്ന് നശിച്ചിട്ടും അധികൃതർക്ക് മാത്രം യാതൊരു കുലുക്കവുമില്ല. യൂണിറ്രിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പണം അടയ്ക്കാത്തതിനാൽ വൈദ്യുതി കണക്ഷനും വിശ്ചേദിക്കപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിലാണ് സ്ഥാപനം ഇങ്ങനെ കിടക്കുന്നതെന്നതാണ് ഏറെ വിചിത്രം.
.
ജോലി ചെയ്തിരുന്നത്:25ഓളം പേർ
സ്ഥാപനം ആരംഭിച്ചത് 2008ൽ
ആദ്യം അച്ചാർ നിർമ്മാണ യൂണിറ്ര്
പിന്നീട് സ്വന്തം കെട്ടിടത്തിലേക്ക് മാറി
ലക്ഷങ്ങളുടെ ഉപകരണങ്ങളും സ്ഥാപിച്ചു
തിരിച്ചടിയായത് മാർക്കറ്രിംഗ് ചെയ്യാതിരുന്നത്
പ്രവർത്തനം നിലച്ചിട്ട് 10 വർഷത്തോളം
..............................
ഇരുപത്തഞ്ചോളംപേർ തൊഴിൽ ചെയ്തിരുന്ന പഞ്ചായത്തിലെ ഏക തൊഴിൽ യൂണിറ്റിന് താഴുവീണിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും തുറക്കാൻ നടപടി സ്വീകരിക്കാത്തത് നിർഭാഗ്യകരമാണ്. പ്രത്യക്ഷമായും പരോക്ഷമായും അമ്പതോളം പേർക്ക് ജോലി ചെയ്യാൻ കഴിയുന്ന ഒരു സ്ഥാപനമാണ് പഞ്ചായത്ത് അധികൃതരുടെ അവഗണനയിൽ നശിച്ചുകൊണ്ടിരിക്കുന്നത്. അടിയന്തരമായി ഇത് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണം.
എ. ഷാജഹാൻ, മുൻ നാവായിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്