daniel-lee

വാഷിംഗ്ടൺ : 17 വർഷത്തിന് ശേഷം അമേരിക്കയിൽ ഫെഡറൽ വധശിക്ഷ നടപ്പാക്കാൻ പോകുന്നു. ഇന്ത്യാനയിൽ പ്രാദേശിക സമയം ജൂൺ 13 തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് ( ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ചെ 1.30 ) ആണ് വധശിക്ഷ നടപ്പാക്കുക. അപ്പീൽ കോടതിയുടെ വിധിയെ തുടർന്നാണ് വധശിക്ഷയ്ക്കുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്.

ഡാനിയൽ ലൂയിസ് ലീ എന്നയാളെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കുന്നത്. 1996ൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയതിനാണ് ലീയേയും കൂട്ടാളിയേയും പൊലീസ് പിടികൂടിയത്. ലീയുടെ വധശിക്ഷ നീട്ടിവയ്ക്കണമെന്നും കൊവിഡിന്റെ പശ്ചാത്തലത്തിൽ തങ്ങൾക്ക് വധശിക്ഷയ്ക്ക് സാക്ഷിയാകാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയും കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ കീഴ്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് 47 കാരനായ ലീയുടെ വധശശിക്ഷ നിറുത്തിവയ്ക്കാനുള്ള കീഴ്ക്കോടതിയുടെ തീരുമാനം അപ്പീൽ കോടതി അസാധുവാക്കുകയായിരുന്നു. ലീയെ വിഷം കുത്തിവച്ച് വധശിക്ഷ നടപ്പാക്കാൻ കോടതി ഉത്തരവിട്ടു.

അതേസമയം, ലീയുടെ വധശിക്ഷ നീട്ടുന്നത് സംബന്ധിച്ച് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയേക്കുമെന്ന് സൂചനയുണ്ട്. പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് ( ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ചെ 1.30 ) മുമ്പ് ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ ഉണ്ടായാൽ മാത്രമേ വധശിക്ഷ തടയാൻ സാധിക്കുകയുള്ളുവെന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഒരു കുടുംബത്തിലെ മൂന്ന പേരെ കൊലപ്പെടുത്തി അവരുടെ മൃതദേഹം തടാകത്തിൽ തള്ളിയ ലീയുടെ വധശിക്ഷ കഴിഞ്ഞ ‌‌ഡിസംബറിൽ നടക്കേണ്ടിയിരുന്നതാണ്. എന്നാൽ ഫെഡറൽ വധശിക്ഷ സംബന്ധിച്ച നിയമകുരുക്കുകളുടെ പശ്ചാത്തലത്തിൽ വിധി നടപ്പാക്കാൻ വൈകുകയായിരുന്നു.

അതേ സമയം, ലീ കൊലപ്പെടുത്തിവരുടെ കുടുംബാംഗമായ 81കാരി എർലീൻ പീറ്റേഴ്സൺ ലീയുടെ വധശിക്ഷ എതിർത്തിരുന്നു. കൊലപാതകത്തിൽ ലീയുടെ കൂട്ടാളിയ്ക്ക് നൽകിയത് പോലെ ഇയാൾക്കും ജീവപര്യന്തം ശിക്ഷ നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം. എർലീന്റെ മകളും മകളുടെ ഭർത്താവും ചെറുമകളുമാണ് കൊല്ലപ്പെട്ടത്. ലീ ഉൾപ്പെടെ നാല് ഫെഡറൽ തടവുകാരുടെ വധശിക്ഷയാണ് 2003ന് ശേഷം നടക്കാൻ പോകുന്നത്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലാണ് ഈ നാല് വധശിക്ഷകളും നടക്കാൻ പോകുന്നത്.

കഴി‌ഞ്ഞ വർഷമാണ് നീണ്ട ഇടവേളയ്ക്ക് ശേഷം ഫെഡറൽ വധശിക്ഷ പുനരാരംഭിക്കുന്ന വിവരം ട്രംപ് ഭരണകൂടം അറിയിച്ചത്. ഡിസംബർ, ജനുവരി മാസങ്ങളിൽ വധശിക്ഷ നടപ്പാക്കാനായിരുന്നു തീരുമാനം. 19 വയസുകാരി ട്രേസി ജോയ് മക്ബ്രിഡ് എന്ന യു.എസ് സൈനിക ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ കേസിൽ 53 കാരനായ മുൻ യു.എസി സൈനികൻ ലൂയിസ് ജോൺസ് ജൂനിയറിന്റെ ഫെഡറൽ വധശിക്ഷയാണ് ഒടുവിൽ യു.എസിൽ നടന്നത്. 2003 മാർച്ച് 8നായിരുന്നു ഇത്.

അമേരിക്കൻ നീതിന്യായ വ്യവസ്ഥ അനുസരിച്ച്, കുറ്റകൃത്യങ്ങൾക്ക് ദേശീയ തലത്തിൽ ഫെഡറൽ കോടതികളിലോ പ്രാദേശിക തലത്തിൽ സ്റ്റേറ്റ് കോടതികളിലോ വിചാരണ നടത്താം. വ്യാജ കറൻസി ഉൾപ്പെടെ രാജ്യത്തെ ബാധിക്കുന്നതോ ഭരണഘടനാ ലംഘന സംബന്ധമോ ആയ കേസുകൾ ഫെഡറൽ കോടതിയിലാണ് വിചാരണ നടത്തുക. കുറ്റകൃത്യങ്ങളുടെ തീവ്രത അനുസരിച്ചാണ് മറ്റുള്ള കേസുകൾ ഫെഡറൽ കോടതിയ്ക്ക് വിടുന്നത്.

1972ൽ ഫെ‌ഡറൽ, സ്റ്റേറ്റ് തലത്തിൽ വധശിക്ഷ നടപ്പാക്കുന്നത് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പിന്നീട് സ്റ്റേറ്റ് കോടതികൾക്ക് വധശിക്ഷ വിധിയ്ക്കാനുള്ള അനുവാദം 1976ൽ സുപ്രീംകോടതി നൽകി. 1988ൽ ഫെഡറൽ തലത്തിലും വധശിക്ഷകൾ നടപ്പാക്കുന്നതിനുള്ള നിയമനിർമാണം യു.എസ് സർക്കാർ പാസാക്കിയിരുന്നു.

ഡെത്ത് പെനാൽറ്റി ഇൻഫർമേഷൻ സെന്ററിന്റെ കണക്കനുസരിച്ച് 1988 മുതൽ 2018 വരെയുള്ള കാലയളവിൽ യു.എസിൽ ഫെഡറൽ കേസുകളിൽ 78 പേർക്കാണ് വധശിക്ഷ വിധിച്ചിട്ടുള്ളത്. എന്നാൽ മൂന്ന് പേരുടെ വധശിക്ഷ മാത്രമാണ് ഇതേവരെ നടപ്പാക്കിയിട്ടുള്ളത്. 62 പേരാണ് നിലവിൽ ഫെഡറൽ വധശിക്ഷ കാത്ത് യു.എസിലുള്ളത്.