ന്യൂഡൽഹി: ഡിജിറ്റൽവത്കരണത്തിലൂടെ ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിന് കുതിപ്പേകാനായി ടെക്‌നോളജി ഭീമനായ ഗൂഗിൾ അടുത്ത 5 മുതൽ എഴുവർഷത്തിനകം ഇന്ത്യയിൽ 1,000 കോടി ഡോളർ (75,000 കോടി രൂപ) നിക്ഷേപിക്കും. "ഗൂഗിൾ ഫോർ ഇന്ത്യ ഡിജിറ്റൈസേഷൻ" എന്ന പേരിൽ ഗൂഗിളിന്റെയും മാതൃകമ്പനിയായ ആൽഫബെറ്റിന്റെയും സി.ഇ.ഒയും ഇന്ത്യൻ വംശജനുമായ സുന്ദർ പിച്ചൈയാണ് നിക്ഷേപം പ്രഖ്യാപിച്ചത്.
ഗൂഗിളിന് ഇന്ത്യയുടെ ഭാവിയിലും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലും മികച്ച പ്രതീക്ഷകൾ ഉണ്ടെന്നതിന്റെ പ്രതിഫലനമാണ് ഈ നിക്ഷേപമെന്ന് സുന്ദർ പിച്ചൈ പറഞ്ഞു. ആറാമത് ഗൂഗിൾ ഫോർ ഇന്ത്യ പരിപാടിയോട് അനുബന്ധിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നലെ രാവിലെ നടത്തിയ വീഡിയോ കോൺഫറൻസിംഗിലാണ് പിച്ചൈ നിക്ഷേപം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യ കാമ്പയിന് പിന്തുണയേകുന്നത് അഭിമാനാർഹമായാണ് ഗൂഗിൾ കാണുന്നെതെന്ന് പറഞ്ഞ പിച്ചൈ, ആധുനികവത്കരണത്തിനും വികസനത്തിനുമാണ് ഫണ്ട് ഉപയോഗിക്കുകയെന്നും വ്യക്തമാക്കി. ആധുനിക - ഡിജിറ്റൽവത്കരണത്തിന്റെ പ്രയോജനം നേടുക മാത്രമല്ല, ഈ രംഗത്ത് ഇന്ത്യ നായകസ്ഥാനം നേടണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
4 ലക്ഷ്യങ്ങൾ
ഇന്ത്യയിലെ നിക്ഷേപത്തിലൂടെ ഗൂഗിളിന്റെ ലക്ഷ്യങ്ങൾ
1. ജനങ്ങൾക്ക് വിവരങ്ങൾ പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കുക
2. ഇന്ത്യയ്ക്ക് അനുയോജ്യമായ ടെക്‌നോളജി ഉത്‌പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുക
3. സംരംഭങ്ങൾക്ക് കരുത്തേകുക
4. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി എന്നിവയുടെ മുന്നേറ്റത്തിന് സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും (എ.ഐ) പ്രയോജനപ്പെടുത്തുക.
മാർഗങ്ങൾ
നിക്ഷേപം നടത്തുന്ന വഴികൾ
ഓഹരി നിക്ഷേപം
പങ്കാളിത്തം
അടിസ്ഥാനസൗകര്യ വികസനം
ഡിജിറ്റൽ മുന്നേറ്റം
നാലുവർഷം മുമ്പുവരെ ഇന്ത്യയിൽ മൂന്നിലൊന്ന് ബിസിനസ് സംരംഭങ്ങൾക്ക് മാത്രമാണ് ഓൺലൈൻ സാന്നിദ്ധ്യം ഉണ്ടായിരുന്നത്. ഇന്ന് ഗൂഗിൾ സെർച്ചിലും മാപ്പിലും തിരഞ്ഞാൽ 2.6 കോടി സംരംഭങ്ങൾ കാണാമെന്ന് പിച്ചൈ പറഞ്ഞു. പ്രതിമാസം 15 കോടിയിലേറെ ഉപഭോക്താക്കളുമുണ്ട്. ചെറുകിട വ്യാപാരികളും ഇപ്പോൾ ഡിജിറ്റൽ പേമെന്റ് സൗകര്യം പ്രയോജനപ്പെടുത്തുന്നു.
50 കോടി
ഇന്ത്യയിൽ 50 കോടിയിലേറെ സജീവ ഇന്റർനെറ്റ് യൂസർമാർ ഉണ്ടെന്നാണ് ഗൂഗിളിന്റെ കണക്ക്. 45 കോടിയിലധികം പേർ സ്‌മാർട്ഫോണും ഉപയോഗിക്കുന്നു.
സി.ബി.എസ്.ഇ സഹകരണം
ഓൺലൈൻ വിദ്യാഭ്യാസത്തിന് പിന്തുണയേകാൻ ഈവർഷം ഡിസംബറോടെ 22,000 സി.ബി.എസ്.ഇ സ്‌കൂളുകളിലായി പത്തുലക്ഷം ടീച്ചർമാരുമായി സഹകരിക്കുമെന്നും ഗൂഗിൾ പ്രഖ്യാപിച്ചിട്ടുണ്ട്.
''ഇന്ത്യയിലെ കർഷകർക്കും യുവാക്കൾക്കും സംരംഭകർക്കും ടെക്‌നോളജിയുടെ നേട്ടം ലഭ്യമാക്കുന്നത് സംബന്ധിച്ച് സുന്ദർ പിച്ചൈയുമായി സംസാരിച്ചു. ഫലവത്തായ ചർച്ചയാണ് നടന്നത്"",
നരേന്ദ്ര മോദി,
പ്രധാനമന്ത്രി