ബെയ്ജിംഗ്: പ്രളയത്തില്‍ മുങ്ങി ചൈനയുടെ തെക്കന്‍, മധ്യ മേഖലകള്‍. ദിവസങ്ങളായി തുടരുന്ന അതിശക്തമായ മഴയില്‍ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. അണക്കെട്ടുകള്‍ തുറന്നുവിട്ടതോടെ വീടുകളും കെട്ടിടങ്ങളുമെല്ലാം വെള്ളത്തിലായി. മൂന്ന് കോടിയിലേറെ ജനങ്ങളാണ് മരണഭീതിയിലായത്. പ്രളയത്തില്‍ 141 പേർ മരണപ്പെട്ടതായോ കാണാതാവുകയോ ചെയ്തതായി ചൈനീസ് ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഹുബെയ്, ജിയാംഗ്സി, അന്‍ഹുയി, ഹുനാന്‍, സിഷ്വാന്‍, ഗുവാംഗ്സി തുടങ്ങിയ പ്രവിശ്യകളാണ് പൂര്‍ണമായും വെള്ളത്തിലായത്.
പ്രളയ ബാധിത മേഖലകളില്‍ നിന്ന് 20 ലക്ഷത്തിലേറെ പേരെ ഒഴിപ്പിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതരായിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് നിര്‍ദേശിച്ചു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 28000-ലേറെ കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. 82.2 ബില്യണ്‍ യുവാന്‍ നഷ്ടമാണ് കണക്കാക്കുന്നത്. തീവ്ര മഴ തുടരുന്നതിനാല്‍ തെക്കന്‍ മേഖലയില്‍ പ്രളയ മുന്നറിയിപ്പ് ലെവല്‍ രണ്ടിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ചൈനയില്‍ നാല് ലെവലുകളായാണ് പ്രളയ മുന്നറിയിപ്പ് നല്‍കുന്നത്. ലെവല്‍ ഒന്നാണ് ഏറ്റവും രൂക്ഷമായ സ്ഥിതി. യാംഗ്ത്സീ നദിയുടെ തീരപ്രദേശങ്ങളെയാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചത്. കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വുഹാന്‍ നഗരം ഉള്‍പ്പെടെ വെള്ളത്തിലാണ്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ചൈനയില്‍ മഴ ശക്തമാകുകയും വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്തത്. ഒരു മാസം വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്.