വാർസ്വാ: കഴിഞ്ഞ മാസം നടന്ന പോളിഷ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് ആന്ദ്രെ ഡ്യൂഡയ്ക്ക് വിജയം. പോളണ്ടിന്റെ ലോ ആൻഡ് ജസ്റ്റിസ് പാർട്ടിയുമായി സഖ്യമുണ്ടാക്കിയ ഡ്യൂഡ എതിർസ്ഥാനാർത്ഥി വാർസയിലെ ലിബറൽ മേയർ റാഫെ ട്രാസ്കോവിസ്കിയെ നേരിയ ഭൂരിപക്ഷത്തിനാണ് തോൽപ്പിച്ചത്. 51.2 ശതമാനം വോട്ടാണ് ഡ്യൂഡയ്ക്ക് ലഭിച്ചത്. 1989നു ശേഷം ഒരു പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണിത്. സ്വതന്ത്ര സ്ഥാനാർത്ഥി സിമോണ്‍ ഹൊനൗനിയ മൂന്നാം സ്ഥാനത്ത് എത്തിയപ്പോൾ തീവ്ര വലതുപക്ഷ ദേശീയവാദിയായ ക്രൈസ്റ്റോഫ് ബോസക് നാലാം സ്ഥാനത്തായി.കൊവിഡ് ഏറ്റവും കൂടുതൽ നാശം വിതച്ച യൂറോപ്പിൽനടക്കുന്ന ആദ്യത്തെ പൊതുതിരഞ്ഞെടുപ്പാണിത്.
2015ൽ പാർലമെന്ററി ഭൂരിപക്ഷം നേടിയതോടെ യാഥാസ്ഥിതിക നയങ്ങൾ നടപ്പിലാക്കുന്ന തിരക്കിലായിരുന്നു ഡ്യൂഡ. സ്വവ
ർഗ വിവാഹത്തിനേയും സ്വവർഗ ദമ്പതികൾ ദത്തെടുക്കുന്നതിനേയുമെല്ലാം ഡ്യൂഡ കൊണ്ടുവന്ന പുതിയ ഫാമിലി ചാർട്ടർ ശക്തമായി എതിർക്കുന്നുണ്ട്. ഇതെല്ലാം വിദേശ പ്രത്യേയശാസ്ത്രമാണ് എന്നാണ് ഡ്യൂഡയുടെ വാദം. സ്‌കൂളുകളിലും പൊതു സ്ഥാപനങ്ങളിലും എൽ.ജി.ബി.ടി പ്രത്യയശാസ്ത്ര പ്രചാരണം നിരോധിക്കാനും ഡ്യൂഡ പരോക്ഷമായി നിർദ്ദേശിക്കുന്നുണ്ട്. ഭൂരിപക്ഷം കുറഞ്ഞ സ്ഥിതിയ്ക്ക് ഡ്യൂഡ എന്തൊക്കെ നിയമങ്ങൾ നടപ്പിലാക്കുമെന്ന് കാത്തിരിക്കുകയാണ് പോളണ്ട്.