തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിപകർപ്പ് പുറത്തിറങ്ങി.കേസിൽ സർക്കാരിന്റെയും രാജകുടുംബത്തിന്റെയും ശുപാർശകൾ കോടതി അംഗീകരിച്ചു. ക്ഷേത്രത്തിലെ ഭരണപരമായ കാര്യങ്ങളിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അവകാശമുണ്ട്. ക്ഷേത്രത്തിനായി ഭരണസമിതിയും ഉപദേശകസമിതിയും രൂപീകരിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ക്ഷേത്ര ഭരണത്തിൽ രാജകുടുംബത്തിനുളള അവകാശം നിലനിൽക്കും. അഞ്ചംഗ ഭരണ സമിതിയുടെ അദ്ധ്യക്ഷൻ ജില്ലാ ജഡ്ജിയായിരിക്കും. ട്രസ്‌റ്റ് പ്രതിനിധി, ക്ഷേത്രം മുഖ്യ തന്ത്രി, കേന്ദ്ര സംസ്ഥാന സർക്കാർ പ്രതിനിധികൾ എന്നിവരും ഈ സമിതിയിലുണ്ടാകും. രാജകുടുംബത്തിന്റെ അധികാരങ്ങൾ സമിതിക്ക് കൈമാറണം. ക്ഷേത്ര സ്വത്തുക്കൾ സംരക്ഷിക്കണം.
എട്ടംഗ ഉപദേശക സമിതിയിൽ രാജകുടുംബാംഗവും മുഖ്യ തന്ത്രിയുമുണ്ടാകും. മറ്റ് ആറുപേരെ മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങൾ തീരുമാനിക്കും. ബി നിലവറ തുറക്കുന്ന കാര്യം പുതിയ ഭരണസമിതിയാണ് തീരുമാനിക്കുക. രണ്ട് സമിതിയിലും എല്ലാ അംഗങ്ങളും ഹിന്ദുക്കളായിരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. കഴിഞ്ഞ 25 വർഷത്തെ ക്ഷേത്രത്തിലെ കണക്കുകൾ ഓഡിറ്ര് ചെയ്യണമെന്നും കോടതി വിധിയിലുണ്ട്.
പുതിയ ഭരണ സമിതി വരുന്നതുവരെ ജില്ലാ ജഡ്‌ജി അദ്ധ്യക്ഷനായ നിലവിലെ താൽക്കാലിക ഭരണസമിതിക്ക് തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. 2011ജനുവരി 31ലെ ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം നൽകിയ ഹർജിയാണ് സുപ്രീം കോടതി ഇന്ന് അംഗീകരിച്ചിരിക്കുന്നത്. തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിക്കുമ്പോൾ രാജാവുമായി ഒപ്പുവച്ച ഉടമ്പടിക്ക് ഇപ്പോഴും നിയമസാധുതയുണ്ട്. രാജാവ് മരിച്ചാലും അവകാശം ഇല്ലാതാകില്ല. ഭരണസമിതി അദ്ധ്യക്ഷൻ ജില്ലാ ജഡ്‌ജിയായിരിക്കും. അദ്ദേഹം ഹിന്ദുമതവിശ്വാസിയായിരിക്കണം.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് 2009 ഡിസംബർ 18ന് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ടി.പി. സുന്ദരാജൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയുമായി ബന്ധപ്പെട്ടാണ് നിലവിലെ കേസിന്റെ സംഭവങ്ങൾ ആരംഭിച്ചത്. തുടർന്ന് നിലവറകൾ തുറന്ന് ആഭരണങ്ങൾ അടക്കം മ്യൂസിയത്തിൽ സൂക്ഷിക്കാനുള്ള 2011 ജനുവരിയിലെ ഹൈക്കോടതി ഉത്തരവ് വന്നു. ഇത് ചോദ്യംചെയ്ത് രാജകുടുംബം 2011 മേയിൽ സുപ്രീംകോടതിയിലെത്തി. എ, ബി നിലവറകൾ തുറക്കുന്നത് സുപ്രീംകോടതി അന്ന് മരവിപ്പിച്ചു.
പിന്നീട് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ വിവിധ സമിതികൾ ക്ഷേത്രത്തിലെ അമൂല്യമായ ആഭരണങ്ങളുടെ കണക്കെടുത്തിരുന്നു. കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യത്തിന്റെ ശുപാർശ പ്രകാരം ക്ഷേത്രത്തിൽ സുരക്ഷാ സംവിധാനങ്ങൾ വർദ്ധിപ്പിച്ച് അറ്റകുറ്റപ്പണികൾ നടത്തി. 9 വർഷത്തോളം നീണ്ട വാദത്തിനിടെ പ്രധാന ഹർജിക്കാരിൽ ഒരാളായ ടി.പി. സുന്ദർരാജനും ക്ഷേത്രത്തിനായി കേസ് നൽകിയ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയും മരണമടഞ്ഞു. കേസ് കൈകാര്യം ചെയ്‌ത ജസ്റ്റിസുമാരായ രവീന്ദ്രൻ, എ.കെ. പട്നായിക്, ആർ.എം. ലോധ, കെഹാർ, ടി.എസ് താക്കൂർ, ബോബ്‌ഡെ എന്നിവർ മാറി.
കേസിന്റെ തുടക്കത്തിൽ രാജകുടുംബത്തിനായി ഹാജരായത് ഇപ്പോഴത്തെ അറ്റോണി ജനറൽ കെ.കെ. വേണുഗോപാലാണ്. സുപ്രീംകോടതി അഭിഭാഷകരായ വിപിൻ നായരും പി.ബി.സുരേഷുമാണ് വിശ്വാസികൾക്കായി ഹാജരായത്. യു.യു. ലളിതും ഇന്ദുമൽഹോത്രയും അടങ്ങിയ ബെഞ്ച് 25 ദിവസം അന്തിമവാദം കേട്ട ശേഷമാണ് 2019 ഏപ്രിൽ 10ന് കേസ് വിധി പറയാൻ മാറ്റിയത്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രമാണ് എന്ന നിലപാടാണ് രാജകുടുംബം കേരള ഹൈക്കോടതിയിൽ സ്വീകരിച്ചിരുന്നത്. എന്നാൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയപ്പോൾ പൊതുക്ഷേത്രം ആണെന്ന് നിലപാട് സ്വീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സുപ്രീം കോടതി രാജകുടുംബത്തിന്റെ ഹർജികൾ കേൾക്കാൻ തീരുമാനിച്ചത്. പത്മനാഭസ്വാമിയുടെ ദാസന്മാരാണ് തങ്ങൾ എന്ന് തിരുവിതാംകൂർ രാജകുടുംബം കോടതിയിൽ വാദിച്ചു.
സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ എട്ടംഗ ഭരണസമിതി രൂപീകരിക്കുന്നതിനുള്ള ശുപാർശയാണ് കൈമാറിയത്. 'പത്മനാഭ ദാസൻ' ഭരണ സമിതിയിൽ അംഗമായിരിക്കും എന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. അഞ്ച് അംഗങ്ങളെ മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങൾ നോമിനേറ്റ് ചെയ്യും. ഇതിൽ ഒരു വനിതയും, പട്ടിക ജാതി / പട്ടിക വിഭാഗത്തിൽ നിന്നുള്ള ഒരു അംഗവും ഉണ്ടാകും. ദേവസ്വത്തിലെ ഒരു ജീവനക്കാരനെ മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങൾ നോമിനേറ്റ് ചെയ്യും. മുഖ്യതന്ത്രി എക്സ് ഒഫീഷ്യോ മെമ്പർ ആകും. തൊട്ട് കൂടായ്മയിൽ വിശ്വസിക്കുന്നവരെയും ഹിന്ദുമത വിശ്വാസികൾ അല്ലാത്തവരെയും ഭരണസമിതിയിലേക്ക് നോമിനേറ്റ് ചെയ്യില്ല. സർക്കാർ ജീവനക്കാരെയും നോമിനേറ്റ് ചെയ്യില്ല എന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.