manchest

മാഞ്ചസ്റ്റർ സിറ്റിയെ രണ്ട് വർഷത്തേക്ക് വിലക്കിയിരുന്ന യുവേഫയുടെ നടപടി അന്താരാഷ്ട്ര കായിക കോടതി റദ്ദാക്കി

ലൊസാന്നെ : കളത്തിൽ മാത്രമല്ല കോടതിയിലും കൂറ്റൻ വിജയം നേടി ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റി. സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ ചാമ്പ്യൻസ് ലീഗിൽ യുവേഫ തങ്ങൾക്ക് ഏർപ്പെടുത്തിയ രണ്ടു വർഷത്തെ വിലക്ക് അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിയിൽ നൽകിയ ഹർജിയിലൂടെ റദ്ദാക്കിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. ഇതോടെ അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിൽ സിറ്റിക്ക് തുടരാം. ഇൗ സീസൺ ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടറിൽ റയൽ മാഡ്രിഡിനെ നേരിടാനിരിക്കുകയാണ്.

യൂറോപ്യൻ ഫുട്ബോൾ ക്ലബുകളുടെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കുന്ന ഫിനാൻഷ്യൽ ഫെയർപ്ലേ ചട്ടങ്ങൾ ലംഘിച്ചതിനും അന്വേഷണത്തിൽ സഹകരിക്കാത്തതിനുമാണ് സിറ്റിക്ക് യൂറോപ്പിലെ ഫസ്റ്റ് ഡിവിഷൻ ലീഗായ ചാമ്പ്യൻസ് ലീഗിൽ നിന്ന് ഈ വർഷമാദ്യം വിലക്ക് വന്നത്. ഇതിനെതിരെ സിറ്റി ഗ്രൂപ്പ് നൽകിയ അപ്പീൽ പരിഗണിച്ച കോടതി യുവേഫ ഏർപ്പെടുത്തിയിരുന്ന 30 ദശലക്ഷം യൂറോയുടെ (254 കോടി രൂപ) പിഴശിക്ഷ 10 ദശലക്ഷം യൂറോയായി (85 കോടിയോളം രൂപ) ഇളവും ചെയ്തു. സ്പോൺസർഷിപ്പിലൂടെ ലഭിക്കുന്ന വരുമാനം പെരുപ്പിച്ചു കാട്ടി ഫിനാൻഷ്യൽ ഫെയർപ്ലേ നിയമങ്ങൾ തെറ്റിച്ചില്ലെന്ന് വിധിച്ച കോടതി, യുവേഫയുമായി സഹകരിക്കുന്നതിൽ വീഴ്ച വരുത്തിയെന്നത് ശരിവച്ചു. ഈ സാഹചര്യത്തിലാണ് പിഴ ശിക്ഷയിൽ ഇളവുമാത്രം ചെയ്തത്.

വിലക്കിന്റെ വഴി

2018 നവംബറിൽ സിറ്റിയുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച രേഖകൾ ജർമൻ മാസികയായ ‘ദെർ സ്പീഗൽ’ പുറത്തു വിട്ടിരുന്നു. 2012–2016 കാലയളവിൽ സിറ്റിയുടെ പല ഇടപാടുകളും യുവേഫ ചട്ടങ്ങൾ ലംഘിച്ചായിരുന്നുവെന്ന സൂചനകൾ അതിലുണ്ടായിരുന്നു. ഉറവിടം വ്യക്തമല്ലാത്ത പണം സ്പോൺസർഷിപ്പ് വരുമാനത്തിനൊപ്പം ചേർത്തുകാണിച്ചു എന്നാണ് യുവേഫ ക്ലബ് ഫിനാൻഷ്യൽ കൺട്രോൾ ബോഡി കണ്ടെത്തിയത്. ക്ലബ്ബുകൾ വരവിനേക്കാൾ കൂടുതൽ പണം ചെലവഴിക്കുന്നത് തടയാനാണ് യുവേഫ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ കൊണ്ടുവന്നത്.

അറബി നാട്ടിലെ ഉടമകൾ

അബുദാബി രാജകുടുബാംഗം ഷെയ്ഖ് മൻസൂറിന്റെ ഉടമസ്ഥതയിലുള്ള അബുദാബി യുണൈറ്റഡ് ഗ്രൂപ്പാണ് 2008 മുതൽ സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ ഉടകൾ. യുഎഇ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർലൈൻസാണ് മുഖ്യ സ്പോൺസർമാർ. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ മുംബൈ സിറ്റി എഫ്.സിയടക്കം വിവിധ രാജ്യങ്ങളിലെ എട്ട് ക്ലബുകളിൽ സിറ്റി ഗ്രൂപ്പിന് നിക്ഷേപമുണ്ട്.

∙ സിറ്റി ഫുട്ബോൾ ഗ്രൂപ്പ്

സ്ഥാപിക്കപ്പെട്ടത് 2014

∙ നിക്ഷേപമുള്ള ടീമുകൾ, രാജ്യം, (ശതമാനം)

മാഞ്ചസ്റ്റർ സിറ്റി, ഇംഗ്ലണ്ട് (100%)

ന്യൂയോർക്ക് സിറ്റി , യുഎസ്എ (80%)

മെൽബൺ സിറ്റി എഫ്സി,ആസ്ട്രേലിയ (100%)

യോകോഹാമ , ജപ്പാൻ (20%)

ടോർക്ക് അത്‍ലറ്റിക്, ഉറുഗ്വേ (100%)

ജിറോണ , സ്പെയിൻ (44%)

സിഷ്വാൻ ജിന്യു, ചൈന (28%)

മുംബൈ സിറ്റി , ഇന്ത്യ (65%)

∙ മാഞ്ചസ്റ്റർ സിറ്റി

സ്ഥാപിക്കപ്പെട്ടത്: 1894 നിലവിലെ ഉടമകൾ ഏറ്റെടുത്തത് 2008ൽ. അതിനു ശേഷം നാല് പ്രീമിയർ ലീഗ് കിരീടങ്ങൾ, രണ്ട് എഫ്എ കപ്പ്, നാല് ലീഗ് കപ്പ് എന്നിവ സ്വന്തമാക്കി.