കാബൂൾ : അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം ഒരിക്കലെങ്കിലും ലോകകപ്പ് നേടിയ ശേഷമേ താൻ വിവാഹം കഴിക്കൂവെന്ന് ശപഥമെടുത്ത് അഫ്ഗാൻ താരം റാഷിദ് ഖാൻ. ആസാദി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് 21-കാരനായ റാഷിദ് ഇക്കാര്യം വെളിപ്പെടുത്തിത്. ഇതോടെ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായതോടെ ട്രോളുകളും നിറഞ്ഞു. ബോളിവുഡ് താരം സൽമാൻ ഖാനെപ്പോലെ റാഷിദും പുരനിറഞ്ഞുപോകുമോ എന്നാണ് ആരാധകരുടെ ചോദ്യം.
ഇതുവരെ രണ്ട് ഏകദിന ലോകകപ്പുകളിലും നാല് ട്വന്റി-20 ലോകകപ്പുകളിലും മാത്രം കളിച്ചിട്ടുള്ള ടീമാണ് അഫ്ഗാനിസ്ഥാൻ. ഒരു തവണ പോലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞിട്ടുമില്ല.
ട്വന്റി- 20ഫോർമാറ്റിൽ ഒന്നാം നമ്പർ ബൗളറായ റാഷിദ് ഖാൻ, ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിലും അതിനു മുൻപ് നടന്ന ട്വന്റി- 20 ലോകകപ്പിലും കളിച്ചിരുന്നു. ഇംഗ്ലണ്ട് ലോകകപ്പിൽ അഫ്ഗാന്റെ ക്യാപ്ടനുമായിരുന്നു.
2015, 2019 ഏകദിന ലോകകപ്പുകളിൽ മാത്രമാണ് ലീഗ് ഘട്ടം കടക്കാൻ അഫ്ഗാനിസ്ഥാന് കഴിഞ്ഞിട്ടുള്ളത്. ഇതുവരെ ഏകദിന ലോകകപ്പിൽ കളിച്ച 15 മത്സരങ്ങളിൽ അഫ്ഗാനിസ്ഥാന് നേടാനായത് ഒരേയൊരു ജയം മാത്രമാണ്. 2015 ലോകകപ്പിൽ കുഞ്ഞൻ രാജ്യമായ സ്കോട്‌ലൻഡിനെതിരെ ആയിരുന്നു അവരുടെ ഏക ജയം. 2019ലെ ഇംഗ്ലണ്ട് ലോകകപ്പിൽ അഫ്ഗാന്റെ നായകനായിരുന്ന റാഷിദ്, ഒൻപത് മത്സരങ്ങളിൽനിന്ന് ആറു വിക്കറ്റ് വീഴ്ത്തി. അഫ്ഗാനെ ടെസ്റ്റിൽ നയിച്ച ഏറ്റവും പ്രായം കുറഞ്ഞ ആളുമാണ് .