ഹൈദരാബാദ്: കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം ട്രാക്ടറിൽ കയറ്റിക്കൊണ്ടുപോയി സംസ്കരിച്ച് ഡോക്ടർ. ആംബുലൻസ് ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് ഡോക്ടർ ശ്രീറാം തന്നെ ട്രാക്ടർ ഡ്രൈവറുടെ കുപ്പായവുമണിഞ്ഞത്. മൃതദേഹം ട്രാക്ടറിൽ കയറ്റിയെങ്കിലും ഭയന്ന് ട്രാക്ടർ ഓടിക്കാൻ ആരും തയാറായില്ല. ഇതോടെയാണ് ഡോക്ടർ തന്നെ വാഹനം ഓടിക്കാനായി മുന്നോട്ടുവന്നത്. തെലങ്കാനയിലെ പെടപ്പള്ളിയാണ് സംഭവം.
ആംബുലൻസ് ലഭിക്കാതെ വന്നപ്പോഴാണ് മൃതദേഹം ട്രാക്ടറിൽ കൊണ്ടുപോകാൻ തീരുമാനിച്ചത്.ആശുപത്രിയിൽ മോർച്ചറി സൗകര്യവും ഇല്ലായിരുന്നു. എന്നാൽ മുൻസിപ്പാലിറ്റിയിലെ ഡ്രൈവർമാർ കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹത്തിനൊപ്പം യാത്ര ചെയ്യാൻ കഴിയില്ല എന്ന് അറിയിക്കുകയായിരുന്നു. ഇതോടെ ഡോക്ടർ ശ്രീറാം തന്നെ വാഹനം ഓടിക്കാൻ തയാറായി. പി.പി.ഇ കിറ്റുകൾ അടക്കുള്ള സുരക്ഷാ മുൻകരുതൽ എടുത്ത ശേഷമാണ് രണ്ടുകിലോമീറ്റർ അകലെയുള്ള ശ്മശാനത്തിലേക്ക് അദ്ദേഹം ട്രാക്ടറിൽ മൃതദേഹം കൊണ്ടുപോയത്. ഇതിന്റെ ചിത്രങ്ങൾ ഇതിനോടകം സാമൂഹ്യമാദ്ധ്യങ്ങളിൽ വൈറലാണ്.