ജയ്പൂർ: രാജസ്ഥാനിൽ രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്നതിനിടയിൽ കോൺഗ്രസിനൊപ്പം 84 എം.എൽ.എമാർ മാത്രമാണുളളതെന്ന ആരോപണവുമായി ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. ബാക്കി എം.എൽ.എമാരെല്ലം തനിക്കൊപ്പമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. സച്ചിൻ പൈലറ്റ് ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ കാണുകയും 30 എം.എൽ.എമാരുടെ പിന്തുണ തനിക്ക് ഉണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തോടെയാണ് രാജസ്ഥാനിൽ രാഷ്‌ട്രീയ പ്രതിസന്ധിക്ക് വീണ്ടും തുടക്കാമായത്. കോൺഗ്രസ് എം.എൽ.എമാരെ വേട്ടയാടുന്നുവെന്നാരോപിച്ച് നേരത്തെ തന്നെ മുഖ്യമന്ത്രി അശോക് ഗെലോട്ട് സച്ചിൻ പൈലറ്റിനെതിരെ രംഗത്ത് വന്നിരുന്നു. ഇത് സംബന്ധിച്ച് സച്ചിൻ പൈലറ്റിനെതിരെ പ്രത്യേക അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇത് പാർട്ടിക്കുളളിൽ തന്നെ വിളളലുണ്ടാക്കാൻ കാരണമായി. ജയ്പൂരിൽ നടക്കുന്ന നിയമസഭായോഗത്തിൽ പങ്കെടുക്കാൻ എം.എൽ.എമാർക്ക് കോൺഗ്രസ് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ നിയമസഭായോഗത്തിൽ താൻ പങ്കെടുക്കില്ലെന്ന് സച്ചിൻ പൈലറ്റ് അറിയിച്ചു.
അതേസമയം കോൺഗ്രസിനൊപ്പം 84 എം.എൽ.എമാർ മാത്രമാണുളളതെന്ന സച്ചിൻ പൈലറ്റിന്റെ ആരോപണങ്ങളെ തളളി കോൺഗ്രസ് രംഗത്തു വന്നു. നിയമസഭയിൽ 109 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. എന്നാൽ സച്ചിൻ പൈലറ്റ് ഇത് നിഷേധിച്ചു.