ladakh

ന്യൂഡൽഹി : ലഡാക്ക് അതിർത്തിയിൽ നാലാത്തെ കമാൻഡർതല ചർച്ച നാളെ നടക്കും. ലഡാക്കിലെ ചുഷൂലിലാണ് ഇന്ത്യയുടെയും ചൈനയുടെയും സൈനിക കമാൻഡർമാർ തമ്മിൽ ചർച്ച നടത്തുക. അതിർത്തിയിൽ സംഘർഷാവസ്ഥ നിലനില്ക്കുന്ന സാഹചര്യത്തിലാണ് ചർച്ച.

നിയന്ത്രണ രേഖയിൽ നിന്നും രണ്ടാംഘട്ട സൈനിക പിന്മാറ്റം ചർച്ചയിൽ പ്രധാന വിഷയമായേക്കും. സംഘർഷ മേഖലകളിൽ വിന്യസിച്ചിരിക്കുന്ന സൈന്യത്തെയും ആയുധങ്ങളെയും പിൻവലിക്കുന്നതും നാളത്തെ ചർച്ചയിൽ ഉന്നയിക്കുമെന്നാണ് റിപ്പോർട്ട്. അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന്റെ സുപ്രധാന മേഖലകളായ പട്രോളിംഗ് പോയിന്റ് 10,11,12,12 എന്നിവിടങ്ങളിൽ സൈന്യത്തിന്റെ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്ന കാര്യവും ചർച്ചയിൽ ഇന്ത്യ മുന്നോട്ട് വയ്ക്കും.

ലഡാക്ക് അതിർത്തി പ്രദേശത്ത് സംഘർഷാവസ്ഥ നിലനില്ക്കെ ജൂൺ ആറിനായിരുന്നു ആദ്യ കമാൻഡർ തല ചർച്ച. എന്നാൽ ജൂൺ 15ന് ഗൽവാൻ താഴ്‌വരയിൽ വച്ച് ചൈനീസ് സൈന്യം ചർച്ചയിലെ ധാരണകളെല്ലാം ലംഘിച്ചു. തുടർന്ന് ജൂൺ 22ന് ചൈനയിലെ മോൾഡോയിൽ വച്ച് രണ്ടാം ഘട്ട ചർച്ച നടത്തി. ഇതിന് ശേഷവും ചൈനയുടെ ഭാഗത്ത് നിന്നും ശുഭകരമായ പ്രതികരണം ഉണ്ടായില്ല. ജൂൺ 29ന് മൂന്നാം ഘട്ട ചർച്ച നടത്തി. മൂന്നാം കമാൻഡർ തല ചർച്ചയ്ക്ക് ശേഷം കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലകളിൽ നിന്നും ഇന്ത്യയുടെയും ചൈനയുടെയും സൈന്യം പിന്മാറിയിരുന്നു.