pinarayi-vijayan

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ ഫലപ്രദമായും കൃത്യമായ രീതിയിലും അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൻ.ഐ.എയുടെ അന്വേഷണത്തിലൂടെ ആർക്കൊക്കെയാണ് കേസിൽ പങ്കുള്ളതെന്നും കുറ്റവാളികളായിട്ടുള്ളതെന്നുമുള്ള കാര്യം പുറത്തുവരെട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ ആരും വേവലാതിപ്പെടേണ്ടതില്ലെന്നും നല്ല 'സ്പീഡിൽ' തന്നെയാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ഓരോ ആരും തീരുമാനിക്കുന്ന മുറയ്ക്ക് അന്വേഷണ ഫലം വരുമോ? അങ്ങനെയാണെങ്കിൽ പിന്നെ അന്വേഷണം വേണോ? അന്വേഷണ ഏജൻസി ഇന്ത്യയിലെ ഏറ്റവും പ്രമുഖ ഏജൻസികളിൽ ഒന്നാണ്. എൻ.ഐ.എയുടെ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. അതിന്റെ ഭാഗമായി ആര് കുറ്റവാളിയായാലും അവരെ സംരക്ഷിക്കുന്ന നിലപാട് സംസ്ഥാന സർക്കാർ സ്വീകരിക്കില്ല. അന്വേഷണത്തിന് എല്ലാ പിന്തുണയും നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.' മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം നിയമസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പറഞ്ഞ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം.

എൻ.ഐ.എയ്ക്ക് എന്ത് സഹായവും നൽകുമെന്ന് സംസ്ഥാന സർക്കാർ പറഞ്ഞിട്ടുണ്ടെന്നും എന്താണ് അതിനായി കാത്ത് നിൽക്കാൻ പ്രയാസമെന്നും എന്തിനാണ് അതിന് വല്ലാതെ പ്രയാസപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. മാസങ്ങൾക്ക് മുൻപ് ഒരു പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിലാണ് സ്പീക്കർക്കെതിരെ പ്രമേയം കൊണ്ടുവരുമെന്ന് പറയുന്നത്. ഇത് അനാവശ്യമാറ്റ വിവാദമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.