ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസിൽ രാഷ്ട്രീയ പ്രതിസന്ധികൾ രൂക്ഷമായി തുടരുന്നതിനിടെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ വിശ്വസ്തരുടെ വീടുകളിൽ റെയ്ഡ്. ഗെഹ്‌ലോട്ടിന്റെ വിശ്വസ്തരായ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റായ രാജീവ് അറോറ, ധർമേന്ദ്ര റാഥോഡ് എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് ഇന്നലെ രാവിലെ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്.ഡൽഹി, ജയ്പൂർ, മുംബയ്, കോട്ട എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.
നികുതിവെട്ടിപ്പിനെ കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. രാജ്യത്തിന് പുറത്തു വച്ച് നടന്ന പണമിടപാടുകളെക്കുറിച്ചും ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്. റെയ്ഡിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് രൺദീപ് സർജേവാല രൂക്ഷമായി പ്രതികരിച്ചു. റെയ്ഡ് പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ബുദ്ധിയാണെന്നും ഇതുകൊണ്ടൊന്നും സർക്കാരിനെ താഴെയിറക്കാൻ നോക്കണ്ടെന്നും രൺദീപ് പറഞ്ഞു.