ടോക്കിയോ : മത്സ്യവും മാംസവുമൊക്കെ സാധാരണ വേവിച്ചാണ് എല്ലാവരും കഴിക്കുന്നത്. എന്നാൽ ചില രാജ്യങ്ങളിൽ ഇവ വേവിക്കാതെ കഴിക്കുന്നവരുമുണ്ട്. അത്തരത്തിൽ വേവിക്കാത്ത മത്സ്യം, മാംസം എന്നിവ കൊണ്ട് ഉണ്ടാക്കുന്ന ജപ്പാനീസ് വിഭവമാണ് സാഷിമി. സാഷിമി ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ പരാദജീവികളെ മനുഷ്യ ശരീരത്തിനുള്ളിലേക്ക് വിളിച്ചു വരുത്തുന്ന അവസ്ഥയാണ്. അത്തരമൊരു ദുരനുഭവത്തിൽ നിന്നും രക്ഷപ്പെട്ടിരിക്കുകയാണ് 25 വയസുള്ള ഒരു ജപ്പാൻകാരി.
സംഭവം ഇങ്ങനെ
തന്റെ തൊണ്ടയിൽ ശക്തമായ വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതോടെയാണ് ടോക്കിയോ സ്വദേശിയായ യുവതി ആശുപത്രിയിൽ ചികിത്സ തേടിയത്. വേദന ഉണ്ടാകുന്നതിന് അഞ്ച് ദിവസം മുമ്പ് യുവതി സാഷിമി കഴിച്ചിരുന്നു. ആശുപത്രിയിലെത്തിയ യുവതിയ്ക്ക് രക്ത പരിശോധന ഉൾപ്പെടെ നടത്തി. എന്നാൽ രക്ത പരിശോധനയിൽ യാതൊന്നും കണ്ടെത്തിയില്ല.
യുവതിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ലായിരുന്നു. അസ്വഭാവികത തോന്നിയതിനെ തുടർന്ന് ഡോക്ടർമാർ യുവതിയുടെ തൊണ്ടയിൽ നടത്തിയ പരിശോധനയിൽ ഇടത്തേ ടോൺസിൽ ഗ്രന്ഥിയിൽ കറുത്ത നിറത്തിലെ എന്തോ വളഞ്ഞ് പുളയുന്നത് കണ്ടു. ഡോക്ടർമാർ അതിനെ പുറത്തെടുത്ത് ഒരു പെട്രിഡിഷിലേക്ക് വച്ചു. 38 മില്ലിമീറ്റർ നീളവും ഒരു മില്ലിമീറ്റർ വീതിയുമുള്ള ജീവനുള്ള റൗണ്ട്‌വേം ഇനത്തിൽപ്പെടുന്ന കറുത്ത നിറത്തിലെ ഒരു വിരയായിരുന്നു അത്.
' സ്യൂഡോടെറാനോവ അസാരാസി ' എന്ന സ്പീഷിസിൽപ്പെട്ട വിരയായിരുന്നു അത്. മാംസം വേവിക്കാതെ അകത്താക്കുന്നവരെ കാത്തിരിക്കുന്ന അപകടം പിടിച്ച ഒന്നാണ് ഈ വിരകൾ. വിരയെ നീക്കം ചെയ്തതോടെ യുവതിയുടെ തൊണ്ടയിലെ അസ്വസ്ഥതകളും നീങ്ങി.
ഇതാദ്യമായല്ല, ഭക്ഷണത്തിലൂടെ വിരകൾ മനുഷ്യശരീരത്തിനുള്ളിലെത്തുന്നത്. വേവിക്കാത്ത മാംസത്തിലൂടെ മനുഷ്യനിൽ കടന്നുകൂടുന്ന ഈ വിരകൾ ശരീരത്തിനുള്ളിൽ വളരുകയും ജീവന് ഭീഷണിയായി മാറുകയും ചെയ്യുന്നു.