സൂററ്റ്: ഗുജറാത്ത് ആരോഗ്യമന്ത്രി കുമാർ കനാനിയുടെ മകനും സുഹൃത്തുക്കളും ചേർന്ന് ഭീഷണിപ്പെടുത്തിയ വനിതാ കോൺസ്റ്രബിൾ ജോലി രാജിവച്ചു. മന്ത്രിയുടെ മകൻ പ്രകാശും സുഹൃത്തുക്കളും കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള നൈറ്റ് കർഫ്യൂ ലംഘിച്ചതും മാസ്ക് ധരിക്കാത്തതും ചോദ്യംചെയ്തപ്പോഴാണ് വനിതാ കോൺസ്റ്റബിളായ സുനിത യാദവിന് ഭീഷണി നേരിടേണ്ടിവന്നത്. ബുധനാഴ്ച രാത്രി 10.30ഓടെ സൂററ്റിലെ മംഗത്ത് ചൗക്കിലാണ് സംഭവം. ഇതേത്തുടർന്ന് സുനിത, തന്റെ മേലുദ്യോഗസ്ഥനെ വിളിച്ച് പരാതി പറഞ്ഞെങ്കിലും അവിടെനിന്ന് മാറിപ്പോകാനായിരുന്നു മറുപടി. ഇതേത്തുടർന്നാണ് സുനിതയുടെ രാജിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, സുനിതയും പ്രകാശും തമ്മിൽ നടന്ന വാക്കുതർക്കത്തിന്റെ ഓഡിയോ ക്ലിപ്പുകൾ വൈറലായി. 365 ദിവസവും നിന്നെ ഇവിടെത്തന്നെ നിറുത്താനുള്ള അധികാരം ഞങ്ങൾക്കുണ്ടെന്ന് പ്രകാശും കൂട്ടരും സുനിതയ്ക്ക് നേരെ ആക്രോശിക്കുമ്പോൾ, ഞാൻ നിങ്ങളുടെ അച്ഛന്മാരുടെ അടിമയോ വോലക്കാരിയോ അല്ലെന്നായിരുന്നു സുനിതയുടെ മറുപടി. പ്രകാശിന്റെ സുഹൃത്തുക്കളെയാണ് സുനിത ആദ്യം തടഞ്ഞുനിറുത്തിയത്. പിന്നീട് ഇവർ പ്രകാശിനെ വിളിച്ചുവരുത്തുകയായിരുന്നു. ഇതിനുശേഷമാണ് ഇവർ സംഘംചേർന്ന് സുനിതയെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി സൂററ്ര് സിറ്രി സീനിയർ പൊലീസ് ഒഫീസർ അറിയിച്ചു.