കൊൽക്കത്ത: ബി.ജെ.പി എം.എൽ.എയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ ദിഞ്ചാപൂരിലെ ഒരു കടയ്ക്കു മുന്നിലാണ് ഹേംതാബാദ് എം.എൽ.എയായ ദേബേന്ദ്ര നാഥ് റോയിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് ബി.ജെ. പി ആരോപിക്കുമ്പോൾ മൃതദേഹത്തിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യയ്ക്കു കാരണക്കാരായ രണ്ടുപേരുടെ പേരുകൾ കുറിപ്പിൽ ഉണ്ടെന്നും പൊലീസ് പറയുന്നു. എം.എൽ.എയുടെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള മൊബൈൽ വിൽപ്പന കടയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ ഒരു മണിക്ക് ദേബേന്ദ്രയെ കുറച്ച് ആളുകൾ വന്ന് കൂട്ടിക്കൊണ്ടു പോയതാണെന്നും പിന്നീട് കാണുന്നത് മൃതദേഹമാണെന്നും ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. ഒരു സിറ്റിംഗ് എം.എൽ.എയുടെ മരണം സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സി.പി.എമ്മുകാരനായിരുന്ന ദേബേന്ദ്രനാഥ് കഴിഞ്ഞ വർഷം ബി.ജെ.പിയിലേക്ക് മാറിയിരുന്നു. അതുകൊണ്ടു തന്നെ ഇത് കൊലപാതകമാണെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്. എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്ന ശേഷം പ്രതികരിക്കാമെന്നാണ് തൃണമൂൽ ഉൾപ്പെടെയുള്ള പാർട്ടികളിലെ പ്രമുഖ നേതാക്കളുടെ നിലപാട്.