pic

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ കേസെടുത്ത് കേരള പൊലീസ്. ജോലിക്കായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനാണ് പൊലീസ് കേസെടുത്തത്. സ്പേസ് പാർക്ക് ഓപ്പറേഷൻ മാനേജർ തസ്തികയിൽ ജോലി ലഭിക്കുന്നതിനു വേണ്ടിയാണ് സ്വപ്ന വ്യാജരേഖ ഹാജരാക്കിയത്. കേസിൽ പ്രൈസ് വാട്ടർ കൂപ്പർ, വിഷൻ ടെക്നോളജി എന്നീ സ്ഥാപനങ്ങളെയും പ്രതി ചേർത്തിട്ടുണ്ട്.

അതേസമയം, സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എൻ.ഐ.എ കസ്റ്റഡിയിൽ വാങ്ങി. പ്രതികളെ ഒരാഴ്ചത്തേക്കാണ് എൻ.ഐ.എ കോടതി കസ്റ്റഡിയിൽ വിട്ടത്. സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എൻ.ഐ.എ ഓഫീസിലെത്തിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് പ്രതികളിൽ നിന്നും നിർണായക തെളിവുകൾ ലഭിക്കുമെന്നാണ് എൻ.ഐ.എ സംഘം കരുതുന്നത്.

ബാഗേജിൽ ഒളിപ്പിച്ച് സ്വര്‍ണം കടത്താൻ വ്യാജ രേഖ ഉണ്ടാക്കിയത് അടക്കമുള്ള കാര്യങ്ങളിലാണ് പ്രതികൾക്കെതിരെ അന്വേഷണം നടക്കുന്നത്. യു.എ.ഇ കേന്ദ്രീകരിച്ചാണ് സ്വപ്ന നൽകിയ വ്യാജ രേഖകൾ ഉണ്ടാക്കിയിട്ടുള്ളത്.ഇതിൽ ഉപയോഗിച്ചിരിക്കുന്ന എംബസിയുടെ എംബ്ലവും സീലും അടക്കം വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. സുരക്ഷിതമായി ബാഗ് അയക്കുന്നതിനാണ് വ്യാജ രേഖ ഉണ്ടാക്കിയിട്ടുള്ളതെന്നും എൻ.ഐ.എ കണ്ടെത്തി. പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാനായി കോടതിയിൽ നൽകിയ അപേക്ഷയിൽ നിര്‍ണായക വെളിപ്പെടുത്തലുകളാണ് എൻ.ഐ.എ നടത്തിയത്.ഭീകരവാദത്തിന് പണം കണ്ടെത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് എൻ.ഐ.എയുടെ പ്രധാന കണ്ടെത്തൽ. എന്നാൽ ജ്വല്ലറി ആവശ്യത്തിനാണ് സ്വർണം കടത്തിയതെന്നാണ് പ്രതികൾ പറയുന്നത്.