ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അണ്‍ലോക്ക് ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജൂലായ് 31ന് ശേഷം രാജ്യത്തെ സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറക്കാന്‍ സാധ്യത.കര്‍ശന നിയന്ത്രണങ്ങളും മുന്‍കരുതലുകളും പാലിച്ചാകും ഇവ തുറന്ന് പ്രവര്‍ത്തിക്കുക. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കുമെങ്കിലും നിയന്ത്രണങ്ങളുണ്ടാകും. കുട്ടികളെയും മുതിര്‍ന്നവരെയും സിനിമാ തിയേറ്ററുകളില്‍ പ്രവേശിപ്പിക്കില്ല.15 വയസ് മുതല്‍ 50 വയസ് വരെയുള്ളവര്‍ക്കായിരിക്കും അനുമതി നല്‍കുക. നിശ്ചിത അകലം പാലിച്ച് സീറ്റുകളില്‍ ക്രമീകരണവുമുണ്ടാകും.എല്ലാ സീറ്റുകളിലും ഇരിക്കാനുള്ള അനുമതിയുണ്ടാകില്ല.
ജിമ്മുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെങ്കിലും നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകും. ഇക്കാര്യത്തില്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കും. അന്താരാഷ്ട്ര വിമാന സര്‍വീസുകളും പുനരാരംഭിച്ചേക്കാം. കൊവിഡ് പരിശോധന നെഗറ്റീവ് ആയവരെയായിരിക്കും വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കുക. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു. ജൂലായ് 15നകം ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് 31നുശേഷം സര്‍വീസ് തുടങ്ങുന്നകാര്യ പരിഗണിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.യാത്ര ആരംഭിക്കുന്നതിന് മുന്‍പ് കൊവിഡ് പരിശോധന നടത്തും.റാപ്പിഡ് ആന്റിജന്‍ ടെസ്റ്റാകും നടത്തുക. പരിശോധനാഫലം നെഗറ്റീവാണെങ്കില്‍ 48-72 മണിക്കൂറുനുള്ളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കും. വിമാനത്താവളത്തിലും പരിശോധനകള്‍ ഉണ്ടാകും. ആഗസ്റ്റ് ആദ്യം മുതല്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്ക, ഗള്‍ഫ് എന്നീ രാജ്യങ്ങളിലേക്കും വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.