pic

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ഐ.ടി വകുപ്പിലെ നിയമനം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതിനായി ചീഫ് സെക്രട്ടറിയെയും ധനകാര്യ എ.സി.എസിനെയും ചുമതലപ്പെടുത്തിയതായി അദ്ദേഹം വ്യക്തമാക്കി. സ്വപ്നയുടെ നിയമനം സംബന്ധിച്ച് വീഴ്ചകൾ ഉണ്ടോ എന്ന് പരിശോധിക്കുമെന്നും തെറ്റുണ്ടായാൽ കർക്കശനടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വപ്നയുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന് തെളിഞ്ഞതിനാലാണ് അദ്ദേഹത്തെ മാറ്റി നിറുത്തിയതെന്നും ഇത്തരം ഒരു വിവാദസ്ത്രീയുമായി ശിവശങ്കരൻ ബന്ധപ്പെടാൻ പാടില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്യാനുള്ള കാര്യങ്ങൾ കണ്ടെത്തണം. അദ്ദേഹം ഒരു സ്ത്രീയുമായി ബന്ധപ്പെട്ടുവെന്ന് നാട്ടിൽ പരാതിയുയർന്നിരുന്നു.എന്നാൽ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടിയെടുക്കുകയെന്നും അന്വേഷണത്തിൻറെ ഭാഗമായി തെളിവുകൾ ലഭിച്ചാൽ ആരെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണ ഗതിയിൽ സ്പീക്കർ എന്നത് ഇത്തരം വിവാദങ്ങളിൽ ഉൾപ്പെടുത്തേണ്ട ആളല്ലെന്നും സ്പീക്കറെ അനാവശ്യമായി വിവാദങ്ങളിൽ പെടുത്തുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അതേസമയം ജോലിക്കായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന് സ്വപ്നയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്വപ്ന ഇപ്പോൾ എൻ.ഐ.എയുടെ കസ്റ്റഡിയിലാണ്.