തിരുവനന്തപുരം: സ്വർണക്കടത്ത് വിഷയത്തിൽ കേരളാ പൊലീസിന് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് പറയുന്നത് പൊട്ടത്തരം പറയലാണെന്ന് കേരള പൊലീസിലെ മുൻ ഡി.വൈ.എസ്.പി സുഭാഷ് ബാബു. കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും രക്ഷപ്പെടാതിരിക്കാതെ നാേക്കാനും അവരെ പിടികൂടി അന്വേഷണ ഏജൻസിക്ക് സമർപ്പിക്കാനുമുള്ള നിയമപരമായ ബാദ്ധ്യത കേരളാ പൊലീസിന് ഉണ്ടായിരുന്നുവെന്നും സുഭാഷ് ബാബു ചൂണ്ടിക്കാട്ടുന്നു.
ഒരു മലയാള ഓൺലൈൻ മാദ്ധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. അംഗബലത്തിൽ കുറവുള്ള കസ്റ്റംസ് കേസിൽ അന്വേഷണം നടത്തികൊണ്ടിരുന്നപ്പോൾ കേരളാ പൊലീസ് വെറുതെയിരിക്കുകയാണ് ചെയ്തതെന്നും എന്നാൽ എൻ.ഐ.എ വന്നപ്പോൾ പൊലീസ് ആവേശം കാണിക്കുന്നത് പ്രതികളെ പിടികൂടുമെന്ന് അറിയാവുന്നത് കൊണ്ടാണെന്നും അദ്ദേഹം പറയുന്നു.
മുൻപ് കോയമ്പത്തൂർ സ്ഫോടന കേസിൽ അബ്‌ദുൾ നാസർ മദനി പ്രതിയാണെന്ന് വന്നപ്പോഴും സമാനമായ രീതിയിൽ കേരള പൊലീസ് പെരുമാറിയിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. മദനിയുടെ അറസ്റ്റ് നടക്കുമെന്ന് വന്നപ്പോൾ കേരള പൊലീസിലെ ഉന്നതന്മാർ രാഷ്ട്രീയ ലാഭം ലക്ഷ്യം വച്ച് പ്രവർത്തിച്ചുവെന്നും സുഭാഷ് ബാബു പറയുന്നുണ്ട്.
മദനിയെ കേന്ദ്ര ഏജൻസി പിടികൂടും മുൻപ്പിടികൂടുക എന്നതായിരുന്നു പദ്ധതിയെന്നും അതിനായി മദനിയുമായി ബന്ധപ്പെട്ട പഴയൊരു കേസ് കോഴിക്കോട്ടെ ഒരു പൊലീസ് നേതൃത്വത്തിൽ പൊടി തട്ടിയെടുത്തുവെന്നും അദ്ദേഹം പറയുന്നു. ഒപ്പം, ഈ ഉദ്യോഗസ്ഥൻ ഇപ്പോഴും കുപ്രസിദ്ധനാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ഇതേ തന്ത്രം കേരള പൊലീസ് ഇവിടെയും പയറ്റാൻ നോക്കിയെങ്കിലും അത് നടന്നില്ലെന്നും മുൻ ഡി.വൈ.എസ്.പി പറയുന്നു.
എന്നാൽ കേരള പൊലീസ് സ്വർണക്കടത്തിലെ പ്രതികളെ പിടിക്കാതിരുന്നത് നന്നായെന്നും അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ സ്വപ്നയും സന്ദീപും പറയുന്ന നിർണായകമായ കാര്യങ്ങൾ പുറത്തറിഞ്ഞേനെ എന്നും അദ്ദേഹം പറയുന്നു. അതേസമയം, ഇപ്പോൾ കേസ് അന്വേഷിക്കുന്നത് എൻ.ഐ.എ ആയതിനാൽ അത് സംഭവിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.