കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരെയും എൻ.ഐ.എ സംഘം കേരളത്തിലേക്ക് കൊണ്ട് വന്നത് ശ്വാസം അടക്കിപിടിച്ചാണ് കേരളം മുഴുവൻ കണ്ടുകൊണ്ടിരുന്നത്. സ്പീഡ് ലിമിറ്റ് മറികടന്നു പ്രതികളുമായി കുതിച്ചുപാഞ്ഞ എൻ.ഐ.എയുടെ വാഹനത്തിന് പിന്നാലെ കേരളത്തിലെ ദൃശ്യ മാദ്ധ്യമങ്ങൾ പിന്തുടർന്നെത്തി. എൻ.ഐ.എയുടെ വാഹനത്തിന് മുന്നിലും പിന്നിലുമായി ക്യാമറക്കണ്ണുകൾ തിരഞ്ഞത് വാഹനത്തിനുളളിലുളള പ്രതികളെ മാത്രമായിരുന്നു. ഇത്തരത്തിൽ മാറിക്കൊണ്ടിരിക്കുന്ന മാദ്ധ്യമ സംസ്കാരത്തെ പറ്റി പറയുകയാണ് യു എൻ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി.
കാലത്തിനനുസരിച്ച് ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിലെ മാദ്ധ്യമ സംസ്കാരത്തിന്റെ ഒരു വിശകലനം മാത്രമാണ് മുരളി തുമ്മാരുകുടി നടത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് ഫോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാദ്ധ്യമ ചർച്ചകളുടെ കാര്യത്തിലും മാറ്റം വന്നു. ചർച്ച ചെയ്യാൻ വരുന്നവർ പരസ്പരം ആക്രോശിക്കുന്നുവെന്നും വിളിച്ചു വരുത്തുന്ന അതിഥികളും അവതാരകരും തമ്മിൽ വാഗ്‌വാദം വരെ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഇതൊരു പുതിയ മാദ്ധ്യമ സംസ്കാരമാണെന്നും ഇത് പക്ഷെ നമ്മുടെ തനത് സംസ്കാരമല്ലെന്നും മുരളി തുമ്മാരുകുടി ഓർമ്മപ്പെടുത്തി. അമേരിക്കയുൾപ്പെടെയുളള രാജ്യങ്ങളിൽ മാദ്ധ്യമങ്ങൾക്ക് റിപ്പോർട്ടിംഗിനായി ഹെലികോപ്ടറുകൾ വരെയുണ്ടെന്നും മാറുന്ന മാദ്ധ്യമ സംസ്കാരത്തിനനുസരിച്ച് കേരളത്തിലെ മാദ്ധ്യമങ്ങൾ കാറുകളിൽ നിന്നും ഹെലികോപ്ടറുകളിലേക്ക് പുരോഗമിക്കുന്നത് എന്നാണെന്നും അദ്ദേഹം ചോദിച്ചു. ചാനലുകൾക്ക് പരസ്യങ്ങളിൽ നിന്നും വരുമാനം ഉണ്ടാക്കിയേ പറ്റു.ഇതിനാൽ തന്നെ കാഴ്ചക്കാരെ കൂട്ടാനായി ചാനലുകൾ തമ്മിൽ മത്സരിക്കുന്നു. ഇതാണ് മാദ്ധ്യമ സംസ്കാരത്തിന് മാറ്റങ്ങൾ വരാൻ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"നമ്മുടെ റിപ്പോർട്ടർമാരെ പൊലീസ് കാറിന് പുറകിൽ ഓടിക്കുന്നതും ചർച്ചക്ക് വരുന്നവരെ തമ്മിൽ തല്ലിക്കുന്നതും നമ്മൾ തന്നെയാണ്. വാസ്തവത്തിൽ നമ്മൾ തന്നെയാണ് ഇത്തരം മാദ്ധ്യമ രീതികളെ പിന്തുണയ്ക്കുന്നത്. അതിനാൽ തന്നെ മാദ്ധ്യമ സംസ്കാരത്തെ കുറ്റം പറയേണ്ട. സ്വയം മാറിയാൽ മതി, അതിന്റെ പ്രതിഫലനം ടി വി ചാനലിൽ മാത്രമല്ല സമൂഹത്തിലും ഉണ്ടാകും. ഇല്ലെങ്കിൽ കാറുപോയി ഹെലികോപ്റ്റർ വരും." മുരളി തുമ്മാരുകുടി ഫേസ്ബുക്കിൽ കുറിച്ചു.
പുതിയൊരു മാധ്യമ സംസ്കാരം? ഇന്നലെ കേരളത്തെ മുഴുവൻ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയായിരിന്നു വാളയാറിൽ നിന്നും...
Posted by Muralee Thummarukudy on Monday, 13 July 2020