pic

ഹെെദരാബാദ്: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാനായി ഡോക്ടർ തന്നെ ശ്മശാനത്തിലേക്ക് കൊണ്ട് പോയി. ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് മൃതദേഹം ട്രാക്ടറിൽ കയറ്റിയാണ് ഡോക്ടർ ശ്മശാനത്തിലേക്ക് കൊണ്ട് പോയത്. ജില്ലാ മെഡിക്കൽ ഓഫീസറായ ഡോക്ടർ പെൻഡ്യാല ശ്രീറാമാണ് ജീവൻ പോലും വകവയ്ക്കാതെ മൃതദേഹവുമായി ശ്മശാനത്തിലേക്ക് പോയത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.

പെദ്ദപ്പള്ളി ഗവൺമെന്റ് ആശുപത്രിയിലെ ആദ്യ കൊവിഡ് മരണമായിരുന്നു സംഭവിച്ചത്. ആദ്യ കൊവിഡ് മരണമായതിനാൽ തന്നെ സാഹചര്യം എങ്ങനെ കെെകാര്യം ചെയ്യണമെന്ന് അധികൃതർക്ക് വ്യക്തതയില്ലായിരുന്നു. ആശുപത്രിയിൽ നാല് ഡിഗ്രി സെൽഷ്യസ് താപനിലയിൽ മൃതദേഹം ദീർഘനേരം സംരക്ഷിക്കാൻ സംവിധാനമുളള മോർച്ചറിയും ഇല്ല. ഈ സമയം ഡ്യൂട്ടിയിൽ ഒരു വനിതാ മെഡിക്കൽ ഓഫീസറും നഴ്സുമാരും മാത്രമെ ഉണ്ടായിരുന്നുളളു. ആശുപത്രിയിൽ നിന്നും ഫോൺ വന്നതിനെ തുടർന്നാണ് ശ്രീറാം സ്ഥലത്തെത്തുന്നത്. പിന്നാലെ പൊലീസിനെയും മറ്റു ഉന്നത ഉദ്യോഗസ്ഥരെയും വിവരം അറിയിക്കുകയായിരുന്നു.

എന്നാൽ മൃതദേഹം കൊണ്ട് പോകാൻ ആംബുലൻസ് ഇല്ലാത്തതിനെ തുടർന്ന് അധികൃതർ ട്രാക്ടർ എത്തിച്ചു നൽകിയെങ്കിലും വാഹനം ഓടിക്കാൻ ആരും തയ്യാറായില്ല. ഇതോടെയാണ് ഡോക്ടർ ശ്രീറാമം തന്നെ കൃത്യം ഏറ്റെടുത്തത്. ഡോ. ശ്രീറാം ട്രാക്ടർ ഓടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.അതേസമയം മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നിർദ്ദേശപ്രകാരം സംഭവത്തിൽ ആറ് മുനിസിപ്പൽ ജീവനക്കാരെ ജില്ലാ അധികൃതർ സസ്‌പെൻഡ് ചെയ്തു.