കൊച്ചി: സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിന്റെ വക്കാലത്തേറ്റെടുക്കാനായി എത്തിയ അഭിഭാഷകർക്ക് ശക്തമായ താക്കീത് നൽകി തിരിച്ചയച്ച് എൻ.ഐ.എ കോടതി. ആളൂര്‍ അസോസിയേറ്റ്സിലെ ജൂനിയർ അഭിഭാഷകനായ ടിജോ അടക്കമുള്ള ഏതാനും അഭിഭാഷകർക്കാണ് കോടതിയുടെ രൂക്ഷ പ്രതികരണം ഏറ്റുവാങ്ങേണ്ടി വന്നത്.
കോടതി നടപടികൾ ആരംഭിക്കാനായി തുടങ്ങിയതോടെയാണ് ആളൂരിന്‍റെ ജൂനിയറായ അഭിഭാഷകൻ സ്വപ്ന സുരേഷിന്‍റെ വക്കാലത്ത് ഏറ്റെടുക്കാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിച്ചത്. തുടർന്ന്, സ്പെഷ്യൽ ജഡ്ജ് പ്രതി സ്വപ്ന സുരേഷിനെ വിളിച്ച് അഭിഭാഷകന് വക്കാലത്ത് കൈമാറിയിട്ടുണ്ടോ എന്ന് ചോദിച്ചു.
എന്നാൽ തനിക്ക് ഈ അഭിഭാഷകനെ അറിയില്ലെന്നും വക്കാലത്ത് ഏറ്റെടുക്കാനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നുമാണ് സ്വപ്ന കോടതിയോട് വ്യക്തമാക്കിയത്. തനിക്കായി അഭിഭാഷകനെ വയ്ക്കുന്ന കാര്യം ഭർത്താവാണ് തീരുമാനിക്കുന്നതെന്നും ഇവർ കോടതിയോട് പറഞ്ഞു.
സ്വപ്നയുടെ പ്രതികരണം കേട്ടതോടെ അഭിഭാഷകനോട് മുന്നോട്ട് വരാൻ കോടതി ആവശ്യപ്പെടുകയും ഇത് എൻ. ഐ.എ കോടതിയാണെന്ന് മറന്നു പോകരുതെന്ന് താക്കീത് നൽകുകയും ചെയ്തു. ഇത്തരത്തിൽ മേലിൽ ആവർത്തിക്കാൻ പാടില്ലെന്നും കോടതി അഭിഭാഷകന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.