വിശാഖപട്ടണം: വിശാഖപട്ടണത്തെ മരുന്ന് നിർമാണ കമ്പനിയായ രാംകി ഫാർമസ്യൂട്ടിക്കൽസിൽ വൻ തീപിടുത്തം. കമ്പനിയിലെ സോൾവന്റ് ബോയിലറുകൾ തീപിടിച്ചതിനെ തുടർന്ന് ഇവ പൊട്ടിത്തെറിച്ചിട്ടുണ്ട്. തീപിടിത്തത്തെ തുടർന്ന് ഇവിടെ തൊഴിലാളികൾ കുടുങ്ങി കിടക്കുന്നതായും വിവരമുണ്ട്. 17 തവണയാണ് പൊട്ടിത്തെറികൾ ഉണ്ടായതെന്ന് സമീപവാസികൾ പറയുന്നുണ്ട്. ആദ്യഘട്ടത്തിൽ ഇവിടേക്ക് ഫയർ ഫോഴ്സിന് എത്താൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് അഗ്നിശമന സേന ഇവിടേക്കെത്തി രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്.