pic

തിരുവനന്തപുരം: സ്പേസ് പാർക്കിന്‍റെ കൺസൾട്ടൻസിയിൽ നിന്ന് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് എന്ന കമ്പനിയെ പുറത്താക്കിയേക്കും.സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ സ്പേസ് പാ‍ർക്കുമായി ബന്ധപ്പെട്ട പ്രോജക്ടിൽ നിയമിച്ചതിൽ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് നൽകിയ വിശദീകരണത്തിൽ അതൃപ്തി രേഖപ്പെടുത്തി കേരളാ സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്. സ്വപ്നയെ നിയമിച്ചതെങ്ങനെയെന്നും യോഗ്യത പരിശോധിച്ചതെങ്ങനെയെന്നും കാണിച്ച് പിഡബ്ല്യുസി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് പി.ഡബ്ല്യു.സിക്ക് കെ.എസ്.ഐ.ഐ.എല്‍ ലീഗൽ നോട്ടീസും നൽകിയിട്ടുണ്ട്. കരാറിന്‍റെ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇതിൽ പി.ഡബ്ല്യു.സി വിശദീകരണം നൽകിയാലും സർക്കാർ അത് അംഗീകരിക്കാനുളള സാദ്ധ്യത വളരെ കുറവാണ്.പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് വിശദീകരണപ്രകാരം സ്വപ്നയുടെ നിയമനം വിഷൻ ടെക്നോളജി എന്ന കമ്പനി വഴിയായിരുന്നുവെന്നും അവരുടെ പശ്ചാത്തലം പരിശോധിച്ചത് വിഷൻ ടെക്‌നോളജിയാണെന്നുമാണ്. ഇതിനായി മറ്റൊരു എച്ച് ആർ സൊല്യൂഷൻസ് കമ്പനിയുടെ സഹായം വിഷൻ ടെക്നോളജി തേടിയിരുന്നു എന്നാണ് പിഡബ്ല്യുസി പറയുന്നത്. എച്ച് ആർ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിരുന്നു ആ കമ്പനിയുടെ പേര്.

പ്രതിമാസം ഒരുലക്ഷം രൂപയിലേറെ ശമ്പളം വാങ്ങുന്ന ഓപ്പറേഷന്‍സ് മാനേജര്‍ പദവിയില്‍ സ്വപ്ന സുരേഷ് നിയമിക്കപ്പെട്ടതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം പി.ഡബ്ല്യു.സിക്കാണെന്ന് സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്.ഐ.ഐ.എല്‍ വ്യക്തമാക്കി. സ്വപ്നയുടെ പശ്ചാത്തല അന്വേഷണം നടത്തിയതും വിദ്യാഭ്യാസ യോഗ്യതകള്‍ പരിശോധിച്ചതും കണ്‍സള്‍ട്ടന്‍സി കരാറുകാരായ പി.ഡബ്ല്യു.സിയാണ്. പി.ഡബ്ല്യു.സിക്ക് നൽകുന്ന കരാർ തുകയിൽ നിന്നാണ് സ്വപ്നയ്ക്ക് ശമ്പളം നൽകിയിരുന്നത്. സ്വർണക്കടത്ത് കേസിൽ സ്വപ്ന പിടിക്കപ്പെട്ടതോടെയാണ് ഇവരുടെ വിദ്യാഭ്യാസ യോഗ്യതയെകുറിച്ചുൾപ്പെടെ സംശയം ഉയര്‍ന്ന് വന്നത്. ഈ സാഹചര്യത്തിലാണ് കെ.എസ്.ഐ.ഐ.എല്‍ എം.ഡി പിഡബ്ല്യുസിയോട് വിശദീകരണം തേടിയത്.