ഫ്ളോറിഡ: അമേരിക്കയിൽ കൊവിഡ് വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ലോകത്ത് കൊവിഡ് പകർച്ചവ്യാധി അതിരൂക്ഷമാകുമെന്നും പഴയത് പോലെ സാധാരണ നിലയിലേക്ക് മടങ്ങി വരില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യൻ, യൂറോപ്പിയൻ രാജ്യങ്ങൾ മുമ്പ് കൊവിഡ് തടയുന്നതിനായി ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ നിരവധി രാജ്യങ്ങൾ തെറ്റായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ടെഡ്രോസ് പറഞ്ഞു.പേരെടുത്ത് പറയാതെ രാഷ്‌ട്രീയ നേതാക്കൾക്ക് എതിരെയും ടെഡ്രോസ് വിമർശനമുയർത്തി.കൊവിഡുമായുളള ഏത് പ്രതികരണത്തിന്റെയും ഏറ്റവും നിർണായക ഘടകത്തെ അവർ തുരങ്കംവെക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം കൊവിഡിന്റെ ഉറവിടെ കണ്ടെത്തുന്നതിന്റെ ഭാഗമായി ലോകാരോഗ്യ സംഘടനയുടെ രണ്ട് വിദഗ്ദ്ധർ ചെെനയിലേക്ക് പോയിട്ടുണ്ട്. കൊവിഡ് വൈറസ് ആദ്യം റിപ്പോർട്ട് ചെയ്തത് ചെെനയിലെ വുഹാൻ നഗരത്തിലാണ്. ചെെനയിലെ ലാബിൽ നിന്നുമാണ് കൊവിഡ് പൊട്ടിപ്പുറപ്പെട്ടത് എന്ന് അമേരിക്കൻ പ്രസിഡന്റ് തന്നെ പറഞ്ഞിട്ടുണ്ട്. അമേരിക്കയിൽ കൊവിഡ് മൂലം മരണപ്പെടുന്നവരുടെ എണ്ണം കൂടി വരികയാണ്. ഫ്ളോറിഡയിലാണ് ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 15,299 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം പോസിറ്റീവായത്. കൊവിഡിന് എതിരെ പ്രതിരോധ വാക്സിന് കണ്ടുപിടിക്കാനുളള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ.