കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി കസ്റ്റംസിന്റെ കസ്റ്റഡിയിൽ. റമീസിൽ നിന്ന് സ്വർണം വാങ്ങിയവരാണ് പിടിയിലായതെന്നാണ് വിവരം. ഇവരെ കേസന്വേഷിക്കുന്ന കസ്റ്റംസ് സംഘം ചോദ്യം ചെയ്യുകയാണ്. വൈകുന്നേരത്തോടെ മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തും.
ദീർഘകാലമായി കസ്റ്റംസ് അന്വേഷിച്ചിരുന്ന സ്വർണ കള്ളക്കടത്ത് കേസ് പ്രതി ജലാൽ ഉൾപ്പെടെയുള്ളവരെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ജലാൽ ഇന്നലെ വൈകുന്നേരത്തോടെ കൊച്ചി കസ്റ്റംസ് ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. റമീസുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നാണ് വിവരം. നയതന്ത്ര ചാനൽ വഴി ജൂണിൽ 27കിലോ സ്വർണമാണ് കടത്തിയത്. ജൂൺ 24, 26 തീയതികളിലാണ് സ്വർണം ഉൾപ്പെട്ട ഡിപ്ലോമാറ്റിക് ബാഗ് എത്തിയത്. മലപ്പുറം സ്വദേശിയായ പി.കെ റമീസിന് വേണ്ടിയാണ് സ്വർണം എത്തിച്ചത്. ഈ കള്ളക്കടത്തിന് ചുക്കാൻ പിടിച്ചത് സന്ദീപ്, സ്വപ്ന, സരിത്ത് എന്നിവരാണ്. യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിലാണ് ബാഗ് എത്തിയത്. ഇത് സരിത്താണ് കൈപ്പറ്റിയത്. സ്വർണം അയച്ചത് ദുബായിലുള്ള ഫൈസൽ ഫരീദാണെന്നും വ്യക്തമായി.
ജൂൺ 24 ന് ഒമ്പത് കിലോ സ്വർണവും 26ന് പതിനെട്ട് കിലോ സ്വർണവുമാണ് സംഘം കടത്തിയത്. കേസിൽ എൻ.ഐ.എ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. കേസിലെ മൂന്നാം പ്രതിയും ദുബായിലെ വ്യവസായിയുമായ ഫൈസൽ ഫരീദിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കണമെന്ന എൻ.ഐ.എ അപേക്ഷയിൽ കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് വിധി പറയും. വാറന്റ് പുറപ്പെടുവിച്ചാൽ ഇന്റർപോളുമായി ബന്ധപ്പെട്ട് പ്രതിയെ ഇന്ത്യയിലെത്തിക്കാനാണ് നീക്കം.