കൊച്ചി: സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഇതിനായി അദ്ദേഹത്തെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തുമെന്നാണ് റിപ്പോർട്ട്. എന്നാൽ ചോദ്യം ചെയ്യൽ എന്നായിരിക്കുമെന്ന് വ്യക്തമല്ല. ശിവശങ്കറിന് സ്വർണക്കടത്തുകേസിൽ അറസ്റ്റിലായ പ്രതികളുമായി ബന്ധമുണ്ടെന്ന് വ്യക്തമായതിനാലാണ് ചോദ്യം ചെയ്യാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.
സ്വർണക്കടത്തിന്റെ ഗൂഡാലോചന സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്ളാറ്റിലാണ് നടന്നതെന്ന് കസ്റ്റംസ് നേരത്തേ കണ്ടെത്തിയിരുന്നു. പ്രതികൾ ഇവിടെയെത്തിയതിന് സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെയുളള വ്യക്തമായ തെളിവുകളും കിട്ടിയിരുന്നു. ഇതിനെ തുടർന്നാണ് ശിവശങ്കറിനെ നോട്ടീസ് നൽകി വിളിച്ചുവരുത്താൻ തീരുമാനിച്ചത്. അതേസമയം ഗൂഡാലോചനയിൽ ശിവശങ്കറിന് പങ്കില്ലെന്നാണ് കേസിൽ അറസ്റ്റിലായ സരിത്ത് കസ്റ്റംസിന്റെ ചോദ്യംചെയ്യലിൽ വ്യക്തമാക്കിയത്. എന്നാൽ,ശിവശങ്കറിന്റെ ഫ്ലാറ്റിൽ സ്വർണക്കടത്തിന് ഗൂഡാലോചന നടന്ന കാര്യം സരിത് സ്ഥിരീകരിച്ചു. പല കടത്തിന്റെയും ഗൂഡാലോചന നടന്നത് ഇവിടെ വച്ചാണെന്നാണ് സരിത് പറഞ്ഞത്. സ്വപ്ന വഴിയാണ് ശിവശങ്കറിനെ പരിചയപ്പെട്ടതെന്നും സരിത് പറഞ്ഞു
അതിനിടെ സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റിനെക്കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചിനോ പ്രത്യേക സംഘത്തിനോ കൈമാറിയേക്കുമെന്നാണ് അറിയുന്നത്. അന്വേഷണത്തിനായി സ്വപ്നയുടെ വീടുപരിശോധിക്കാനും സർവകലാശാല ഉദ്യോഗസ്ഥരിൽ നിന്ന് വിവരം തേടാനും ആലോചിക്കുന്നുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സ്വപ്ന സുരേഷ് ഐ.ടി വകുപ്പിന് കീഴിൽ കരാർ ജോലി നേടിയത്. മാനേജിങ് ഡയറക്ടറുടെ പരാതി പ്രകാരം കേസെടുത്ത കൻ്റോൺമെൻ്റ് പൊലീസ് സ്വപ്നക്കൊപ്പം കൺസൾട്ടൻസികളായ പ്രൈസ് വാട്ടർ കുപ്പേഴ്സ്, വിഷൻ ടെക്നോളജീസ് എന്നിവരെയും പ്രതിചേർത്തിട്ടുണ്ട്.