കൊവിഡ് ബാധിച്ച് മുംബയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന് ട്വിറ്ററിൽ പ്രാർത്ഥനയോടെ ആരാധകർ. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ ബിഗ് ബിയ്ക്ക് സുഖാശംസകള്‍ നേർന്നെത്തിയിരുന്നു. നിലവിൽ നാനവതി ആശുപത്രിയിൽ ഐസലേഷനിൽ തുടരുകയാണ് അമിതാഭ്.
അമിതാഭ് ബച്ചന്റെയും മകൻ അഭിഷേക് ബച്ചന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് നാനാവതി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. ഐശ്വര്യ റായ്, മകൾ ആരാധ്യ എന്നിവരും കൊവിഡ് പോസിറ്റീവായിരുന്നു. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് കുടുംബവൃത്തങ്ങൾ പറഞ്ഞു.
ബച്ചൻ കുടുംബത്തിലേക്ക് കൊവിഡ് പടർന്നത് എങ്ങനെയാണെന്നത് അന്വേഷിച്ചുവരികയാണ്. ഈ മാസം ആദ്യം അഭിഷേക് ബച്ചൻ താൻ അഭിനയിച്ച വെബ് സീരീസിന്റെ ഡബ്ബിംഗിന് ഏതാനും ദിവസം പുറത്തു സ്റ്റുഡിയോയിൽ പോയിരുന്നു. ആ യാത്രയ്ക്കിടെയാകും കൊവിഡ് ബാധിച്ചതെന്ന സംശയമുയർന്നിട്ടുണ്ട്. എന്നാൽ, അഭിഷേകിനൊപ്പം ഡബ്ബ് ചെയ്ത നടൻ അമിത് സാധിന്റെ പരിശോധനാഫലം നെഗറ്റീവാണ്.
ബച്ചൻ കുടുംബത്തിലെ കൂടുതൽ പേർക്ക് കൊവിഡ് സ്ഥികീരിച്ചതിന് പിന്നാലെ ജീവനക്കാരും വേലക്കാരുമായ 30 പേരെ ക്വാറന്റീനിലാക്കി. ബച്ചൻ കുടുംബത്തിന്റെ ബംഗ്ലാവിൽ തന്നെയാണ് എല്ലാവരും കഴിയുന്നത്. ജുഹു ബീച്ചിനോട് ചേർന്നാണ് അമിതാഭ് ബച്ചന്റെ രണ്ട് ബംഗ്ലാവുകൾ.