അഭിനയരംഗത്ത് പതിനൊന്നുവർഷം പിന്നിടുന്ന ആസിഫ് അലി വിശേഷങ്ങൾ പങ്കുവയ്ക്കുന്നു
കാലം ഇത്രയായിട്ടും ആസിഫിന് ഒരു മാറ്റവുമില്ല. എന്താണ്
അതിന്റെ രഹസ്യം?
ജീവിതത്തിൽ ഭയങ്കര എക്സൈറ്റ്മെന്റാണ് . അതായിരിക്കും കാരണം.
എന്താണ് എക്സൈറ്റ് ചെയ്യുന്നത്?
സിനിമയായിരുന്നു എന്റെ സ്വപ്നം.അത് യാഥാർത്ഥ്യമായി. പിന്നെ തുടർച്ചയായി സിനിമകൾ ചെയ്യാൻ പറ്റി. അത് തന്നെയാണ് ഏറ്റവും വലിയ എക്സൈറ്റ്മെന്റ്.മമ്മൂക്ക പറഞ്ഞ ഒരു കാര്യം ഇപ്പോഴും ഓർമ്മയിലുണ്ട് - പണ്ട് സിനിമയിൽ വരാൻ ഭയങ്കര പാടായിരുന്നു. അവിടെ എത്തിയാൽ പിന്നെ എങ്ങനെയെങ്കിലും നിന്നുപോകും. ഇപ്പോൾ നേരെ മറിച്ചാണ്. വരാൻ വളരെ എളുപ്പമാണ്. നിലനിൽക്കാനാണ് പാട്.
സ്വയം വിലയിരുത്തുമ്പോൾ?
വലിയ സംവിധായകരുടെ ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു. കുറെ മോശം സിനിമകളിലും അഭിനയിച്ചു. ഒരു സമയത്ത് ധാരാളം ഫാൻ ഫോളോയിംഗുണ്ടായിരുന്നു. അത് ഇടയ്ക്കൊന്ന് കുറഞ്ഞു. അവരെ ഞാൻ തിരിച്ചു പിടിച്ചെന്നാണ് പലരും പറയുന്നത്.അതിന്റെയെല്ലാം സമ്മർദ്ദമുണ്ടെങ്കിലും എന്റെ ഏറ്റവും വലിയ സന്തോഷം ഞാൻ സിനിമയിലുണ്ടെന്നതാണ്.
ആരാധകരെ തിരിച്ച് കിട്ടിയെന്ന് പറയുന്നതിൽ കൃത്യമായ ജഡ്ജ്മെന്റില്ലേ?
ഇല്ല. അതൊരിക്കലും പറയാൻ പറ്റില്ല. പുറത്തിറങ്ങുമ്പോൾ പലരും വന്ന് സംസാരിക്കുകയും സെൽഫിയെടുക്കുകയും ചെയ്യാറുണ്ട്. ആ സ്നേഹത്തിന് എനിക്കിത് വരെ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഒരു പരിചയവുമില്ലാത്ത ആൾക്കാർ എത്ര സ്നേഹത്തോടെയാണ് എന്നെ 'ഇക്കാ' യെന്ന് വിളിക്കുന്നത്. അത് തന്നെ വലിയ അംഗീകാരമാണ്. സിനിമയിൽ വന്നിട്ട് എന്റെ വ്യക്തി ജീവിതത്തിൽ വന്ന മാറ്റമെന്താണെന്ന് ചോദിച്ചാൽ ഞാൻ അന്നും ഇന്നും പറയുന്നത് എന്റെ ബാങ്ക് അക്കൗണ്ടിൽ വന്ന വ്യത്യാസമാണ്. അല്ലാതെ വ്യക്തിപരമായി എനിക്ക് ഒരു മാറ്റവും വന്നിട്ടില്ല.
കോളേജിൽ പഠിക്കുമ്പോൾ
ഒരുപാട് ഗേൾഫ്രണ്ട്സുണ്ടായിരുന്നോ?
സ്കൂളിലായിരുന്നു കൂടുതൽ. എന്റെ ജീവിതത്തിലേക്ക് കുറേ പെൺകുട്ടികൾ കടന്നുവന്നിട്ടുണ്ട്. അതിപ്പോൾ ഗേൾഫ്രണ്ട്സാവണമെന്നില്ല. സുഹൃത്തുക്കളാകാം. ടീച്ചേഴ്സാവാം.
ഗേൾഫ്രണ്ട്സിന്റെ കാര്യമൊക്കെ ഭാര്യയുമായി ഷെയർ ചെയ്യാറുണ്ടോ?
പിന്നെ. ഞാൻ വളരെ ട്രാൻസ്പെരന്റാണ്. പഴയ കഥകളൊക്കെ പറയാൻ എനിക്ക് വലിയ ഇഷ്ടമാണ്. പണ്ട് പറ്റിയ അബദ്ധങ്ങളും മറ്റും സമയോട് പറഞ്ഞിട്ടുണ്ട്. മിക്കവരെയും സമ കണ്ടിട്ടുമുണ്ട്. എല്ലാവരുമായും അടുപ്പവുമുണ്ട്.
പണ്ട് ആസിഫ് ഉഴപ്പനായിരുന്നു?
ശരിയാണ് . സിനിമയിൽ വന്നുകഴിഞ്ഞിട്ടാണ് സിനിമ എന്താണെന്ന് മനസിലാക്കിയത്. ഞാൻ കാണിച്ചുകൊണ്ടിരിക്കുന്നത് ഉഴപ്പാണെന്ന് എനിക്കറിയില്ലായിരുന്നു. മോശം സിനിമകൾ തേടിപ്പിടിച്ച് അഭിനയിക്കുന്ന ആളാണ് ഞാനെന്ന് ചിലർ പറയാറുണ്ട്. കഥ പറയുമ്പോൾ എവിടെയൊക്കെ പുതുമ കാണുന്നത് കൊണ്ടാണ് പല പ്രോജക്ടുകൾക്കും കൈകൊടുക്കുന്നത്.എന്നാൽ അത് ചിത്രീകരിച്ചു വരുമ്പോൾ കഥ ആകെ മാറിമറിഞ്ഞിരിക്കും.അങ്ങനെയാണ് എനിക്ക് ചെയ്യാൻ പറ്റാത്ത കഥാപാത്രങ്ങൾ ചെയ്തു പോയത്.
പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും കുഞ്ചാക്കോ ബോബനും വേണ്ടെന്ന് വയ്ക്കുന്ന തിരക്കഥകളാണ് പണ്ട് എന്നെത്തേടി അധികവും വന്നത്. ഞാനത് എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ നന്നായി ചെയ്തു.അന്ന് എനിക്ക് വേണ്ടി എഴുതപ്പെടുന്ന തിരക്കഥകൾ ഉണ്ടായിരുന്നില്ല.യുവനിരയുടെ വരവാണ് എന്നെ പോലുള്ളവരുടെ കരിയറിൽ മാറ്റം കൊണ്ടു വന്നത്.
ആസിഫിനെ ഇപ്പോഴും കോളേജ് കുമാരനായി കാണാനാണ് പ്രേക്ഷകർക്കിഷ്ടം?
ഋതുവും അപൂർവരാഗവും കഴിഞ്ഞസമയത്ത് ഒരുപാട് പേർ എന്നെ കോളേജ്-സ്കൂൾ സിനിമകൾക്കാണ് വിളിച്ചത്. ആ ചോക്ളേറ്റ് ബോയ് ഇമേജിൽ കുടുങ്ങി പോകരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ ശ്രമിച്ചത്.ഒാർഡിനറിയിലെ ഭദ്രൻ അതിനൊരു ഉദാഹരണമാണ്.എന്നാൽ എന്തിനാണ് അത്തരത്തിലൊരു നെഗറ്റീവ് ക്യാരക്ടർ ചെയ്തതെന്ന് പലരും ചോദിച്ചിട്ടുണ്ട്. ദൈവം സഹായിച്ച് കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇപ്പോൾ എനിക്കുണ്ട്.
ഇനി സിനിമകൾ സെലക്ട് ചെയ്യുന്നതെങ്ങനെയായിരിക്കും?
പരിചയ സമ്പന്നരായ ആളുകളോടൊപ്പമായിരിക്കും വർക്ക് ചെയ്യുക. പുതിയ സംവിധായകനാണെങ്കിൽ ആരുടെയെങ്കിലുംകൂടെ ജോലി ചെയ്ത പരിചയം വേണം.പിന്നെ സിനിമ എന്താണെന്ന് അറിയാവുന്ന ആളായിരിക്കണം. തിരക്കഥ പൂർണമായി വായിച്ച് ഇഷ്ടപ്പെട്ടാലേ സിനിമ ചെയ്യൂ.
അന്യഭാഷാ സിനിമകളിൽ
അഭിനയിക്കുന്നില്ലേ?
നല്ല സിനിമകൾ കൂടുതലായി ഉണ്ടാകുന്നത് മലയാളത്തിലല്ലേ. ആവശ്യത്തിലധികം അവസരങ്ങൾ എനിക്ക് ഇവിടെയുണ്ട്.പിന്നെ എന്തിനാ മറ്റ് ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുന്നത്.
മക്കളുടെ വിശേഷങ്ങൾ?
മോൻ ആദത്തിന് ആറു വയസായി. മോൾ ഹയയ്ക്ക് മൂന്നു വയസും.
രണ്ട് മക്കളുടെ അച്ഛനായ ശേഷം വ്യക്തിപരമായി ഉണ്ടായ മാറ്റം?
ഹോം സിക്ക്നെസ് വന്ന് തുടങ്ങിയതാണ് പ്രധാന മാറ്റം. ഏഴാംക്ളാസ് മുതൽ ഡിഗ്രിവരെ ഞാൻ ബോർഡിംഗിൽ നിന്നാണ് പഠിച്ചത്. അതുകൊണ്ടു തന്നെ കുടുംബവുമായുള്ള അടുപ്പം വളരെ കുറവായിരുന്നു.വാപ്പയും ഉമ്മയുമായിട്ട് ഫോണിലാണ് കൂടുതൽ സംസാരിച്ചിരുന്നത്. സിനിമയെന്ന് പറഞ്ഞ് എറണാകുളത്ത് വന്നപ്പോൾ വീട്ടിൽനിന്ന് കുറച്ച് കൂടി അകന്നു. അത് മാറിയത് കുട്ടികൾ വന്നപ്പോഴാണ്. അതോടെ കുടുംബമെന്ന ചിന്ത വന്നു.രണ്ട് പിള്ളേരെയും കാണാതെ എനിക്ക് ഉറങ്ങാൻ പറ്റില്ല.
ഫോണെടുക്കുന്നതിൽ മാറ്റം
വന്നോ?
ഒരു മാറ്റവും വന്നില്ല. ലൊക്കേഷനിലാണെങ്കിൽ അസിസ്റ്റന്റിന്റെ ഫോണിലാണ് വീട്ടുകാർ വിളിക്കുന്നത്. ഷൂട്ടിംഗ് കഴിഞ്ഞാണെങ്കിൽ ഹോട്ടലിലേക്ക് വിളിക്കും. ഞാനപ്പോൾ ഫോൺ ഒാൺ ചെയ്ത് തിരിച്ചുവിളിക്കും. ഞാനെപ്പോഴും പറയാറില്ലേ ഇത് ഒരാളെയോ കുറെയാളുകളെയോ ഒഴിവാക്കാൻ വേണ്ടിയല്ല ഫോൺ ഉപയോഗിക്കാതിരിക്കുന്നതെന്ന്. ഫോൺ ഉപയോഗിക്കാൻ എനിക്ക് കഴിയില്ല.
അതെന്താ?
അതെന്തോ ഒരു സൈക്കോളജിക്കൽ ഡിസോർഡാറാണെന്ന് തോന്നുന്നു. ഒരു ഫോബിയ പോലെ എന്തോ ആണത്. അതൊരു കുറവായി ഞാൻ അംഗീകരിക്കുന്നുണ്ട്. അത് മാറ്റിയെടുക്കണമെന്നുണ്ട്. ആ കാരണം കൊണ്ട് ഒരുപാട് നല്ല സിനിമകൾ എനിക്ക് മിസായിട്ടുണ്ട്. പല ബന്ധങ്ങളും നഷ്ടമായിട്ടുണ്ട്. ഒരുപാട് ചീത്തപ്പേരുണ്ടായിട്ടുണ്ട്.
ആസിഫ് എങ്ങനെയുള്ള
ഭർത്താവാണ്?
ഞാൻ എങ്ങനെയുള്ള ഭർത്താവാണ് എന്ന് ചോദിക്കുന്നതിനേക്കാൾ സമ എങ്ങനെയുള്ള ഭാര്യയാണെന്ന് ചോദിക്കുന്നതായിരിക്കും നല്ലത്.എന്റെ മൂഡ് മാറുന്നത് എപ്പോഴാണെന്ന് പറയാൻ പറ്റില്ല. പിന്നെ ഫോണും എടുക്കില്ല. അതെല്ലാം മനസിലാക്കി അഡ്ജസ്റ്റ് ചെയ്യുന്ന ഭാര്യയാണ് സമ.
അനുജൻ അസ്ക്കർ അലിയെ സിനിമ തിരഞ്ഞെടുക്കുന്നതിൽ സഹായിക്കാറുണ്ടോ?
എന്നോടു ഒരുപാടുപേർ ഇൗ ചോദ്യം ചോദിച്ചിട്ടുണ്ട്.അവരോടൊക്കെ ഞാൻ തിരിച്ച് ചോദിക്കുന്ന ഒരു ചോദ്യം എങ്ങനെയാണ് ഞാനവനെ സഹായിക്കേണ്ടതെന്നാണ്. എന്റെ സ്ക്രിപ്ട് സെലക് ഷൻ തന്നെ ചോദ്യചിഹ്നമാണ്. (ചിരി).