കാൻപൂർ: ഗുണ്ടാത്തലവൻ വികാസ് ദുബെ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിൽ ദുരൂഹതയേറെയാണ്. സംഭവം ആസൂത്രിതമെന്ന ആരോപണവും ശക്തമാണ്. എന്നാൽ പൊലീസ് വെടിവച്ചുകൊന്ന കുറ്റവാളി വികാസ് ദുബെയുടെ വരുമാന സ്രോതസുകളും ജീവിത ശൈലിയും അമ്പരപ്പിക്കുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. ദുബെ പ്രതിമാസം ഒരുകോടി രൂപയ്ക്കടുത്ത് സമ്പാദിച്ചിരുന്നതായി ആദായ നികുതി വകുപ്പ് കണ്ടെത്തി.
എന്നാൽ ദുബെയുടെ അക്കൗണ്ടുകളിൽ ഈ പണം ഇല്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. വികാസ് ദുബെയുടെ വ്യക്തിജീവിതവും ഗുണ്ടാ ജീവിതവും തമ്മിലുള്ള പൊരുത്തക്കേടാണ് നിലവില്‍ അന്വേഷണ സംഘത്തെ അമ്പരപ്പിക്കുന്നത്. കോടിക്കണക്കിന് രൂപ കൊള്ളമുതലായി സമ്പാദിക്കുന്നയാള്‍ വ്യക്തിപരമായ വളരെ ലളിത ജീവിതം നയിച്ചിരുന്നതായാണ് വിവരം.
ആഡംബരമായ വസ്തുക്കളൊന്നും സ്വയം ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലായിരുന്ന ദുബെ മദ്യപിക്കാത്ത വ്യക്തിയായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. വില കുറഞ്ഞ ടീഷർട്ടാണ് വസ്ത്രധാരണം. ദുബെ ഒരു സഞ്ചാര പ്രിയനല്ല. ആഡംബര വസ്തുക്കളോടും ഭ്രമമില്ലെന്നുമാണ് വിവരം. അധോലോക നായകനായി വിലസിയ ദുബെ ഇത്രയും പണം കൈവരുമ്പോള്‍ അത് ഏതു തരത്തിലാണ് ചിലവിട്ടിരുന്നതെന്നതിന് പുറകേയാണ് സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സി നീങ്ങുന്നത്.