നിങ്ങൾ മരിക്കാനാണോ അങ്ങോട്ടേക്ക് പോകുന്നത്, മുംബയിലേക്ക് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പോകാൻ ഒരുങ്ങിയ ഞങ്ങളുടെ ടീമിലെ ഓരോരുത്തരും കേട്ട ചോദ്യം ഇതായിരുന്നു. ഒരുപാട് ആശങ്കകളും കരുതലും പൊതിഞ്ഞിട്ടുള്ള ചോദ്യം. ഞങ്ങളെല്ലാവരും ഏതുനിമിഷത്തിലും പ്രതീക്ഷിക്കുന്ന ചോദ്യമാണിത്. മുംബയ് എന്നല്ല ലോകത്തിലെ ഏതൊരിടവും ഞങ്ങൾക്ക് അന്യമല്ല. മുംബയാണെങ്കിൽ മലയാളികൾ എത്രയോ കാലമായി തലമുറകളായി ജീവിക്കുകയും നിലനിൽക്കുകയും ചെയ്ത മഹാനഗരം കൂടിയാണ്. പെട്ടെന്നാരു ദിവസം കൊവിഡ് രോഗബാധ വളരെ രൂക്ഷമായി ആ നഗരത്തെ പിടിച്ചുമുറുക്കുകയും അവിടെയുള്ള ആരോഗ്യപ്രവർത്തകർ പകച്ചിരിക്കുകയും ചെയ്യുമ്പോൾ ഞങ്ങൾ ആരോഗ്യപ്രവർത്തകരുടെ പിന്തുണ അവർക്ക് കൂടിയേ തീരൂ. അതൊരു നിലപാടാണ്, മാനവികത ഉയർത്തുന്ന തീരുമാനവുമാണ്.
ലോകമെങ്ങും നിസഹായരായി മാറുന്ന സാഹചര്യത്തിൽ മനുഷ്യത്വത്തിന് മാത്രമാണ് മൂല്യം. ഞങ്ങളുടെ ടീം ഇപ്പോഴും മുംബയിലെ ആശുപത്രികളിൽ ആരോഗ്യസേവനങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ്. ഞാൻ അവിടെ അഞ്ച് ആഴ്ചയോളമുണ്ടായിരുന്നു. 'ഡോക്ടേഴ്സ് ബിയോണ്ട് ബോർഡേഴ്സ്" എന്ന സംഘടനയുടെ സൗത്ത് ഏഷ്യൻ വൈസ് പ്രസിഡന്റ് കൂടിയായി പ്രവർത്തിക്കുന്നതു കൊണ്ടു തന്നെ മുംബയിലെ ഡി.എം.ഇ ഡോ. രഹാനെയുമായി നേരത്തെ നല്ല അടുപ്പമുണ്ടായിരുന്നു. അവിടെ ഞങ്ങൾ ചില പ്രൊജക്ടുകൾ നടപ്പിലാക്കിയിരുന്നു. കൊവിഡിന്റെ ആദ്യഘട്ടത്തിൽ കാസർകോട് സ്ഥിതി ഗുരുതരമായപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള ഒരു ടീം അവിടെ പ്രവർത്തിച്ചിരുന്നു. ഈ കാര്യങ്ങളൊക്കെ അറിയുന്നതുകൊണ്ടു തന്നെയാണ് അവർ സ്ഥിതി ഗുരുതരമായപ്പോൾ ഇവിടെയുള്ള ടീമിന്റെ സഹായം അഭ്യർത്ഥിച്ചത്. തുടർന്നാണ് സർക്കാർ തലത്തിൽ നടപടികളുണ്ടാകുകയും ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെട്ട ഒരു ടീമിനെ അങ്ങോട്ടേക്ക് അയച്ചതും.
അന്ധേരിയിലെ സെവൻ ഹിൽ ഹോസ്പിറ്റലിലായിരുന്നു ഞങ്ങൾക്ക് ചുമതല. 1600 കിടക്കകളുള്ള ആശുപത്രി. അവിടെ ചികിത്സയ്ക്കെത്തുന്ന കൊവിഡ് രോഗികൾക്കാവശ്യമായ ഐ.സി.യു ഒരുക്കുകയായിരുന്നു ദൗത്യം. ഗുരുതരവാസ്ഥയിലുള്ള രോഗികളെ പ്രവേശിപ്പിക്കാൻ വേണ്ട സൗകര്യങ്ങൾ പല ആശുപത്രികളിലും ഇല്ല എന്നതു കൊണ്ടു തന്നെ കൊവിഡ് മരണങ്ങൾ വളരെ ഉയർന്ന നിരക്കിലായിരുന്നു. ആശുപത്രിയിലെത്തുന്ന പുതിയരോഗികളെ കിടത്താൻ സൗകര്യങ്ങളില്ല, വേണ്ടത്ര ചികിത്സ രോഗികൾക്ക് കിട്ടാതെ പോകുന്ന അനുഭവങ്ങൾ, പലരും ആംബുലൻസിലൊക്കെ കിടന്ന് മരിക്കേണ്ട സ്ഥിതി. ഐ.സി.യു ഇല്ലാത്ത ആശുപത്രികളിലൊക്കെ ആളുകൾ മരിച്ചുകൊണ്ടിരിക്കുക എന്നു പറയുന്നത് തന്നെ ഒന്നും ചെയ്യാനില്ല എന്ന നിലയിലാണ്.
കേരളത്തിലെയും മുംബയിലെയും സ്ഥിതി ഒട്ടും താരമത്യം ചെയ്യാൻ സാധിക്കില്ല. ഞങ്ങളെത്തുമ്പോൾ അവിടെ സമൂഹവ്യാപനം അപകടകരമായ ഘട്ടത്തിലെത്തിയിരുന്നു. അനിയന്ത്രിതമായ അവസ്ഥ, ആർക്കാണ് രോഗമുള്ളത്, ആരാണ് രോഗമില്ലാത്തവർ എന്ന് തിരിച്ചറിയാൻ സാധിക്കാത്ത നിസഹയാവസ്ഥ. കേരളത്തിൽ യാത്ര കഴിഞ്ഞു എത്തുന്നവരെ ക്വാറന്റീൻ ചെയ്യുന്നു, ഐസൊലേഷൻ നടത്തുന്നു, സമ്പർക്ക പട്ടിക തയ്യാറാക്കുന്നു. അതു നടത്തണമെങ്കിൽ പോലും രോഗമുള്ളവർ ആരാണ്, രോഗം വരാൻ സാദ്ധ്യതയുള്ളവർ ആരാണ് എന്ന് തിരിച്ചറിയണം. മുംബയിൽ അത് പ്രായോഗികമായിരുന്നില്ല. അത്രയധികം ആളുകളുള്ള സ്ഥലം. രോഗവ്യാപനത്തിന്റെ അതിതീവ്ര സമയത്ത് ഐ.സി.യു കിടക്കകൾ പെട്ടെന്ന് കൂട്ടാൻ സാധിക്കില്ല. സ്ഥിതി തിരിച്ചറിഞ്ഞ് നേരത്തെ ഈ സംവിധാനം ഒരുക്കാനേ കഴിയൂ. ആവശ്യമായ സൗകര്യങ്ങളും ജീവനക്കാരും എല്ലാം ഉണ്ടെങ്കിലേ ഈ പ്രതിരോധങ്ങൾ ഫലപ്രദമായി നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ. പലയിടങ്ങളിലും നഴ്സുമാർ ആവശ്യത്തിനില്ലാത്തത് ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ജൂണിൽ സ്ഥിതി മെച്ചപ്പെട്ടെങ്കിലും പിന്നീട്, മുംബയിലെ പ്രാന്ത്രപ്രദേശങ്ങളായ താനെ, നവി മുംബയ്, കല്യാൺ, പൻവേലി, വാഷി എന്നിവിടങ്ങളിലൊക്കെ സ്ഥിതി ഗുരുതരമായി. അവിടെയെല്ലാം കേസുകൾ കൂടി. ജൂൺ അവസാനമാകുമ്പോഴേക്കും ദിവസേന 150 ഓളം മരണം മുംബയിലെത്തി. പോസിറ്റീവ് കേസുകൾ കുറഞ്ഞെങ്കിലും പക്ഷേ മരണനിരക്ക് കൂടി. ഇപ്പോൾ ഏഴായിരം മുതൽ എണ്ണായിരം വരെ പോസിറ്റീവ് കേസുകളുണ്ട്. ദിവസേന മൂന്നൂറോളം മരണങ്ങളാണ് അവിടെ സംഭവിക്കുന്നത്. കേരളത്തിലെയും മഹാരാഷ്ട്രയിലെയും സ്ഥിതി വ്യത്യസ്തമാണ്. കേരള മോഡൽ അവിടെ നടത്താൻ പറ്റില്ല. നിയന്ത്രണാതീതമാകുമ്പോൾ നമ്മുടെ മോഡൽ പ്രയോഗികവുമല്ല. നമ്മൾ എൺപതോളം കിടക്കകൾ അവിടെ ഒരുക്കിയിരുന്നു. രണ്ടു മാസത്തിനുള്ളിൽ അഞ്ഞൂറ് മുതൽ ആയിരം പേരുടെയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞു എന്നത് വലിയ ആശ്വാസമാണ്.
ഇന്നും മനസിൽ സൂക്ഷിക്കുന്ന കുറേ മുംബയ് ഓർമ്മകളുണ്ട്. സെവൻ ഹിൽസ് ആശുപത്രിയിലെ കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയാൽ എന്നും വൈകിട്ട് ഞങ്ങളെല്ലാവരും ഒത്തുചേരും. ആ ചർച്ച അവസാനിക്കുന്നത് ഏതെങ്കിലും മരണത്തിലായിരിക്കും. മരണം എപ്പോഴും നിരാശയും ദൈന്യതയും നിസഹായതയും ആയി ചുറ്റും ചൂഴ്ന്നു നിൽക്കുന്നതു പോലെ ഞങ്ങൾ എല്ലാവർക്കും തോന്നിയിരുന്നു. ആ അനുഭവം അനീഷ് ഡോക്ടറുടേതായിരുന്നു. മുത്തുകൃഷ്ണൻ ബാലാജി എന്നൊരാൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വളരെ ഗുരുതരമായ അവസ്ഥയിലായിരുന്നു ആശുപത്രിയിലെത്തിയത്. ഒൻപത് ദിവസം കഴിഞ്ഞപ്പോൾ ബാലാജിയുടെ സ്ഥിതി നന്നായി മെച്ചപ്പെട്ടു. റോഡിനപ്പുറവുമിപ്പുറവും കേരളവും തമിഴ് നാടുമായി കിടക്കുന്ന സ്ഥലത്ത് മലയാളികളുമായി നടത്തിയ കോഴിക്കച്ചവടത്തെ കുറിച്ച് അദ്ദേഹം പിന്നീട് ഡോക്ടറോട് വിശദമായി പറഞ്ഞു.
പത്താമത്തെ ദിവസം നൈറ്റ് ഡ്യൂട്ടിക്ക് ഡോക്ടർ ഐ.സി.യുവിൽ എത്തിയപ്പോൾ ബാലാജിയുടെ സ്ഥിതി വീണ്ടും ഗുരുതരമായി. കഴിയുന്നതെല്ലാം ചെയ്തിട്ടും ആ ജീവൻ നഷ്ടമായി. രോഗികൾക്ക് കോവിഡ് ആശുപത്രിയിൽ കൂട്ടിരിപ്പുകാർ ഇല്ലാത്തതു കൊണ്ട് ബാലാജിയുടെ ബന്ധുക്കളെ അറിയില്ലായിരുന്നു. ഡോക്ടർ ഇറങ്ങിയപ്പോൾ പെട്ടെന്നാണ് ആശുപത്രിയുടെ മുന്നിലുള്ള റോഡിൽ തമിഴ് കലർന്ന മലയാളത്തിൽ ഒരു സ്ത്രീയുടെ കരച്ചിൽ കേട്ടത്, '''എന്നെ ഇന്ത നടുറോട്ടിൽ തനിയെ വിട്ടിട്ട് പോയിട്ടിയേ നീ.."" അവർ ബാലാജിയുടെ ഭാര്യയോ അമ്മയോ ആരെങ്കിലുമോ ആണോ എന്ന് അറിയില്ലായിരുന്നു, അതു ചോദിക്കാനുള്ള ധൈര്യവും ഡോക്ടർക്കില്ലായിരുന്നു. ഇങ്ങനെ എത്രയോ അനുഭവങ്ങൾ ഓരോ ആരോഗ്യപ്രവർത്തകനുമുണ്ട്. മനുഷ്യരായിരിക്കുക എന്നതാണ് ഞങ്ങൾക്ക് ഏറ്റവും പ്രധാനം.