antibody

പാരിസ്: ലോകരാജ്യങ്ങളിൽ നടക്കുന്ന കൊവിഡ് വാക്‌സിൻ ഗവേഷണങ്ങൾക്ക് പ്രതിസന്ധിയായേക്കാവുന്ന പുതിയ കണ്ടെത്തലുമായി ലണ്ടനിലെ കിംഗ്സ് കോളേജിലെ ഗവേഷകർ. രോഗബാധിതരിൽ ആഴ്ചകൾക്കകം ആന്റിബോഡികൾ കണ്ടെത്തിയാലും രോഗം മാറി മാസങ്ങൾക്കകം നടത്തുന്ന രക്ത പരിശോധനയിൽ 90 ശതമാനത്തിലധികം പേരിലും കൊവിഡിനെതിരായ ആന്റിബോഡി കണ്ടെത്താനായില്ല.

'ചെറിയ രോഗലക്ഷണങ്ങൾ മാത്രമുള‌ള കൊവിഡ് രോഗികളിൽ പോലും തുടക്കത്തിൽ വൈറസിനോട് പ്രതികരണമെന്ന നിലയിൽ ആന്റിവൈറസ് ഉണ്ടാകുന്നുണ്ട്. ആദ്യ ആഴ്ചകളിൽ തന്നെ 60 ശതമാനം ആളുകളിലും വൈറസിനോട് പ്രതികരണമുണ്ടാകുന്നുണ്ട്. എന്നാൽ മൂന്ന് മാസത്തിന് ശേഷം ഏറ്റവും ഉയർന്ന ആന്റിബോ‌ഡി ഉള‌ളതായി കണ്ടെത്തിയത് 16.7 ശതമാനം പേരിൽ മാത്രമാണ്.' എന്ന് ഗവേഷകർ പറയുന്നു.

പുറത്ത് നിന്നുള‌ള വൈറസ് പോലുള‌ള അപകടകരമായ ഒരു വസ്‌തുവിനെ പ്രതിരോധിക്കാനായി ശരീരം നിർമ്മിക്കുന്ന പ്രൊട്ടീനുകളാണ് ആന്റിബോഡികൾ. ഇവ ശരീരത്തിലുള‌ളിടത്തോളം ആ രോഗാണുവിന് ശരീരത്തിലെത്തി പടർന്നുപിടിക്കാനുള‌ള സാധ്യത ഇല്ലാതാകും.

'ഈ കണ്ടുപിടിത്തം വിവിധ സർക്കാരുകൾ കൊവിഡ് ഗവേഷണത്തിൽ നടത്തുന്ന ഗവേഷണങ്ങളിലും അവയുടെ വികസിപ്പിക്കലിനും വളരെ പ്രധാനമാണ്.' കിംഗ്സ് കോളേജ് ഗവേഷകർ അഭിപ്രായപ്പെടുന്നു. പരിശോധനയിൽ ആന്റിബോഡി കണ്ടെത്തിയാലും സുരക്ഷിതമായി എന്ന് കരുതാതെ ജാഗ്രത പുലർത്തുകയും,സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ഉപയോഗം തുടരുകയും വേണമെന്നും ഗവേഷകർ ഓർമ്മിപ്പിക്കുന്നു.