കൊച്ചി: എറണാകുളത്ത് ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജനറൽ ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിലെ കോട്ടയം സ്വദേശിയായ ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹമിപ്പോൾ കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ ആരംഭിച്ചിട്ടുണ്ട്.
വൈറസ് സ്ഥിരീകരിച്ച ഡോക്ടർക്ക് കഴിഞ്ഞയാഴ്ച ഡ്യൂട്ടി ഉണ്ടായിരുന്നില്ലെന്നും അതിനാൽ സൈക്യാട്രി വിഭാഗം അടയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ആവശ്യമില്ലെന്നുമാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന. രോഗവ്യാപനം തടയുന്നതിനുളള നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. ഈ ഡോക്ടർ ഡ്യൂട്ടിയിലുണ്ടായിരുന്ന സമയത്ത് സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനുളള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇവരെ ഉടൻതന്നെ നിരീക്ഷണത്തിലാക്കും.
എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സതേടിയ രണ്ടുപേർക്ക് നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ട് കൂട്ടിരിപ്പുകാർക്കും ഒരു സ്റ്റാഫ് നഴ്സിനും വൈറസ് ബാധ ഉണ്ടായതായി കണ്ടെത്തിയിരുന്നു.