samsung

സ്മാർട്ട് ഫോണുകൾക്കൊപ്പം സൗജന്യമായി ലഭിച്ചിരുന്ന ചാർജറുകൾ ഇനി ഓർമ്മയാകുന്നു. ആപ്പിൾ ഐ ഫോണിനു പിന്നാലെ സാംസങ് 2021 മുതൽ ചില സ്മാർട്ട് ഫോണുകളുടെ പവർ പ്ലഗ് ബോ‌ക്‌സുകൾ ഒഴിവാക്കുമെന്ന് പുതിയ വാർത്തകളുണ്ട്. എന്നാൽ ഏതൊക്കെ ഫോണുകളുടെ പവർ പ്ലഗ് ബോക്സുകളാണ് ഒഴിവാക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

ചെലവ് കുറയ്ക്കുന്നതിനും ഇലക്ട്രോണിക്ക് മാലിന്യം പരമാവധി കുറയ്ക്കുന്നതിനുമാണ് സാംസങ് ഇങ്ങനെയൊരു തീരുമാനം എടുത്തിട്ടുള്ളത്. വർദ്ധിച്ചുവരുന്ന ഇ-മാലിന്യങ്ങൾ കുറയ്ക്കുന്നതോടെ പരിസ്ഥിതിയ്ക്ക് അതൊരു വലിയ നേട്ടം തന്നെയാകും. ചാർജറുകളുടെ നിർമ്മാണച്ചെലവിനെക്കാൽ കൂടുതലാണ് പാക്കേജിംഗിനും ഷിപ്പിംഗിനുമായി നൽകേണ്ടി വരുന്ന തുക. ചാർജറുകളുടെ വലിപ്പത്തിനനുസരിച്ച് ബോക്സിങ്ങിൽ വരുത്തേണ്ട മാറ്റങ്ങൾ ഫോൺ നിർമ്മാതാക്കൾക്ക് ചെലവേറിയൊരു കടമ്പ തന്നെയാണ്.

ഈ മാസം അവസാനം പുറത്തിറങ്ങുന്ന ഐഫോണ്‍ 12ൽ പവര്‍ അഡാപ്റ്ററും ഇയര്‍ഫോണുകളും സൗജന്യമായി ലഭിക്കില്ലെന്ന് ആപ്പിൾ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ചാർജറിനായി പ്രത്യേകം പണം ചിലവഴിക്കേണ്ടി വരുന്നത് ഉപഭോക്താക്കളിൽ അതൃപ്തിക്ക് കാരണമായി മാറാനിടയുണ്ട്.

സാംസങ്ങ് ഫോണുകൾ ജനപ്രിയമാകാനുള്ള കാരണം തന്നെ സൗജന്യമായി ലഭിക്കുന്ന ചാർജറുകളായിരുന്നു. ഹാൻഡ്‌സെറ്റുകളിൽ നിന്ന് ചാർജറുകൾ നീക്കംചെയ്യുന്നതോടെ കമ്പനിക്ക് വമ്പിച്ച ലാഭം നേടാൻ കഴിയും. ഇതോടെ ഹാൻഡ്‌സെറ്റുകളുടെ വില കുറയ്‌ക്കാൻ സാദ്ധ്യതയുണ്ട്. ആക്സസറി മാർക്കറ്റിന് ഇത് മികച്ച നേട്ടം കൊയ്യാൻ സഹായിക്കുമെന്നതിൽ തർക്കമൊന്നുമില്ല.