തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്ര നടത്തിപ്പിൽ തിരുവിതാംകൂർ രാജകുടുംബത്തിന്റെ അവകാശം അംഗീകരിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നത്. ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന 2011ലെ ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം നൽകിയ ഹർജിയിലാണ് തീർപ്പ് കൽപിച്ചിരിക്കുന്നത്. എന്നാൽ ഈ വിധിമൂലം ക്ഷേത്രത്തിന് ഉണ്ടായിരിക്കുന്നത് വൻ സാമ്പത്തിക ബാദ്ധ്യത കൂടിയാണ്.
വിധി പ്രസ്താവത്തിനൊപ്പം സർക്കാർ ചെലവഴിച്ച തുക തിരിച്ചുനൽകണമെന്നും സുപ്രീം കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ജസ്റ്റിസ് യു.യു ലളിതാണ് വിധി പ്രസ്താവം നടത്തിയത്. ഇതുപ്രകാരം സുരക്ഷാ സംവിധാനമൊരുക്കാനും മറ്റുമായി 2012 മുതൽ 2019 വരെയുള്ള കാലയളവിൽ ക്ഷേത്രത്തിനായി 11 കോടി 70ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്. ഇത് തിരിച്ചു നൽകണം.
കൂടാതെ ക്ഷേത്രത്തിലെ നിലവറകളിലെ കോടിക്കണക്കിന് രൂപയുടെ അമൂല്യ വസ്തുക്കൾക്ക് കാവൽ നിൽക്കുന്ന സുരക്ഷാ ജീവനക്കാർക്കുള്ള ചെലവും വഹിക്കണം. ഇപ്പോൾ രാജകുടുബത്തിന്റെ നിയന്ത്രണത്തിലുള്ള കല്യാണമണ്ഡപങ്ങളിൽ നിന്നും മറ്റും വരുമാനം കിട്ടുന്നുണ്ട്. ഇത് ഉപയോഗിച്ചാലും ക്ഷേത്ര ചെലവുകൾക്ക് കൂടുതൽ തുക കണ്ടെത്തേണ്ടി വരും. അങ്ങനെ നോക്കുമ്പോൾ വൻ സാമ്പത്തിക ബാദ്ധ്യതയാണ് ക്ഷേത്രത്തിന് ഉണ്ടാവുക.