
തിരുവനന്തപുരം: കൈകളിലുള്ള അണുക്കളെ തുരത്താൻ സാനിറ്റൈസർ ഉപയോഗിക്കുന്നത് നമ്മുടെയൊക്കെ നിത്യ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. എന്നാൽ കാലിലെ അണുക്കളെ തുരത്താൻ എന്തു ചെയ്യുമെന്ന് ചിന്തിച്ചിട്ടുണ്ടോ. അധികം ചിന്തിച്ച് തല പുകയ്‌ക്കേണ്ട. അതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് സംസ്ഥാന കയർ കോർപ്പറേഷൻ.
കൊവിഡ് പ്രതിരോധത്തിന് സഹായിക്കുന്ന പ്രത്യേക തരം ചവിട്ടിയാണ് കാലിലെ അണുക്കളെ തുരത്താനുള്ള പരിഹാര മാർഗം. സാനി മാറ്റ് എന്ന് പേരിട്ടിരിക്കുന്ന ചവിട്ടി കാലുകളിലെ കീടാണുക്കളെ തുരത്തുമെന്നാണ് കയർ കോർപ്പറേഷന്റെ അവകാശവാദം. കയറോ ചകിരിയോ കൊണ്ടുള്ള മാറ്റുകൾ അണുനാശിനി വെള്ളമുള്ള ഒരു ട്രേയിൽ ഇട്ടാണ് സാനി മാറ്റായി ഉപയോഗിക്കുന്നത്. ഈ മാറ്റിൽ ചവിട്ടുമ്പോൾ അണുനാശിനിയിൽ കാലുകൾ നനയുന്നു. പിന്നീട് ഉണങ്ങിയ മാറ്റിൽ തുടച്ചതിന് ശേഷം അകത്തേക്ക് പ്രവേശിക്കാമെന്നതാണ് പ്രത്യേകത.
മാറ്റും ട്രേയും അണുനാശിനിയും ഒരുമിച്ചാണ് വിപണിയിൽ ലഭിക്കുക. വിവിധ നിറങ്ങളിലും ഡിസൈനുകളിലും ഈ മാറ്റുകൾ ലഭിക്കും. മാറ്റും ട്രേയും അണുനാശിനിയും മാത്രമോയോ ഇതിനൊപ്പം ഒരു ഉണങ്ങിയ മാറ്റും കൂടിയോ അതുമല്ലെങ്കിൽ രണ്ടറകളായി തിരിച്ചിരിക്കുന്ന ഒരു ട്രേയും അതിൽ ഇരട്ട മാറ്റുകളുള്ള രീതിയിലോ സാനി മാറ്റുകൾ ലഭിക്കും. രണ്ടറകളിൽ ഒന്നിൽ മാത്രമാണ് അണുനാശിനി ഉപയോഗിക്കുന്നത്. ശേഷിച്ച മാറ്റ് ഉണങ്ങിക്കിടക്കും. അണുനാശിനി ഇടക്കിടെ മാറ്റിക്കൊടുക്കണം. പ്രകൃതി സൗഹൃദമായ ഉത്പന്നമാണിതെന്നാണ് അധികൃതരുടെ അവകാശവാദം. ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയും നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടും സർട്ടിഫൈ ചെയ്ത ഉത്പന്നമാണിത്.
വിപണിയിൽ ഏറെ ആവശ്യക്കാരുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സാനി മാറ്റിന്റെ വിപണനത്തിനുള്ള അവസരം കുടുംബശ്രീയ്ക്കാണ്. യൂണിറ്റുകൾക്ക് മികച്ച വരുമാനം ലഭിക്കുന്ന രീതിയിലുള്ള ഇൻസെന്റീവും വിൽപ്പനയിലൂടെ കുടുംബശ്രീയ്ക്ക് ലഭിക്കും. സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിൽ നിന്നുമായി സാനി മാറ്റ് വിപണനത്തിന് 14 ടീമുകളെ രൂപീകരിച്ചിട്ടുണ്ട്.