kaduva

കടുവാക്കുന്നേൽ കുറുവച്ചനെ കേന്ദ്ര കഥാപാത്രമാക്കി ചിത്രീകരണം തുടങ്ങാനിരിക്കുന്ന പൃഥി രാജ്, സുരേഷ് ഗോപി ചിത്ര ങ്ങൾക്ക് അപ്രതീക്ഷിത തിരിച്ചടി. തന്റെ അനുമതിയില്ലാതെ സിനിമകൾ പുറത്തിറക്കാൻ അനുവദിക്കില്ലെന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത് സാക്ഷാൽ കുരുവിനാക്കുന്നേൽ‍ കുറുവച്ചൻ തന്നെയാണ്. കടുവാക്കുന്നേൽ കുറുവച്ചനെ കേന്ദ്ര കഥാപാത്രമാക്കി ചിത്രീകരണം തുടങ്ങാനിരിക്കുന്ന ചിത്രങ്ങളൊന്നും തന്റെ അനുമതിയോടെയല്ലെന്നും ചിത്രങ്ങൾ തുടങ്ങാൻ അനുവദിക്കില്ലന്നും അദ്ദേഹം പറഞ്ഞു.

"നാട്ടുകാരനായ രഞ്ജി പണിക്കർ എന്നെ വന്നുകണ്ടിരുന്നു. അദ്ദേഹത്തോട് കാര്യങ്ങളെല്ലാം സംസാരിച്ചിരുന്നു. അദ്ദേഹവുമായി മാത്രമാണ് കഥ സിനിമയാക്കാൻ വാക്കാൽ കരാറിലേർപ്പെട്ടത്. അതിനനുസരിച്ച് അദ്ദേഹം കഥയുടെ രചന തുടങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നത്. സംവിധായകൻ ഷാജി കൈലാസും വന്നുകണ്ടിരുന്നു. സുരേഷ് ഗോപിയുമായും ബന്ധപ്പെട്ടിട്ടുണ്ട്. ആരുചെയ്താലും എന്റെ അനുമതിവേണം. എന്നെ അവതരിപ്പിക്കാൻ ഏറ്റവും യോജിച്ചത് മോഹൻലാലാണ്. എന്നാൽ ആകാര സൗഷ്ടവവും സംഭാഷണവും യോജിക്കുന്നത് സുരേഷ് ഗോപിക്കാണ്" -കുരുവിനാക്കുന്നേൽ‍ കുറുവച്ചൻ വ്യക്തമാക്കി.

നേരത്തേ സുരേഷ് ഗോപിയെ നായകനാക്കി ചിത്രീകരണം തുടങ്ങാനിരുന്ന കടുവാക്കുന്നേൽ കുറുവച്ചൻ എന്ന ചിത്രത്തിന് കോടതി വിലക്കേർപ്പെടുത്തിയിരുന്നു. സുരേഷ്‌ഗോപിയുടെ ഇരുനൂറ്റമ്പതാം ചിത്രമെന്ന നിലയിലായിരുന്നു ഇത് പ്രഖ്യാപിക്കപ്പെട്ടത്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തിന്റെ തിരക്കഥയും കഥാപാത്രവും സുരേഷ്‌ഗോപി ചിത്രത്തിനായി പകർപ്പവകാശം ലംഘിച്ച് സ്വന്തമാക്കി എന്നാരോപിച്ച് തിരക്കഥാകൃത്തായ ജിനു ഏബ്രഹാം ആണ് കോടതിയെ സമീപിച്ചത്.