bachchan

ബോളിവുഡ് മെഗാതാരം അമിതാഭ് ബച്ചനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചതോടെ നടന്റെയും കുടുംബത്തിന്റെയും അതിവേഗമുള‌ള രോഗമുക്തിക്കായി മഹാമൃത്യുഞ്ജയ ഹോമം ആരംഭിച്ച് ആരാധകർ. താരത്തിന്റെ കൊൽക്കത്തയിലുള‌ള ആരാധകരാണ് ബച്ചൻ കുടുംബം രോഗം മാറി തിരികെയെത്തും വരെ ഹോമം നടത്തുക. ഞായറാഴ്‌ച രാവിലെയാണ് ഹോമം ആരംഭിച്ചത്. ബൊന്ദേൽ ഗേറ്റ് ഏരിയയിലെ ബച്ചന്റെ പേരിലെ ക്ഷേത്ര പരിസരത്തിലാണ് ആദ്യം ഹോമം തുടങ്ങാൻ നിശ്ചയിച്ചതെങ്കിലും അവിടെ ശക്തമായ മഴയെ തുടർന്നുള‌ള വെള‌ളക്കെട്ട് കാരണം സ്ഥലം മാറ്റി.

'ബച്ചൻ കുടുംബത്തിലെ എല്ലാവരുടെയും രോഗം ഭേദമായശേഷം മാത്രമേ യജ്ഞം ഞങ്ങൾ നിർത്തുകയുള‌ളൂ.' സ്ഥലത്തെ അമിതാഭ് ബച്ചൻ ഫാൻസ് അസോസിയേഷൻ അറിയിച്ചു. ജുലായ് 11ഓടെയാണ് തനിക്ക് കൊവിഡ് ബാധിച്ചതായി അമിതാഭ് ബച്ചൻ ട്വിറ്ററിലൂടെ അറിയിച്ചത്. വൈകാതെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിൽ നടത്തിയ പരിശോധനയിൽ മകൻ അഭിഷേക് ബച്ചനും പ്രശസ്ത ബോളിവുഡ് നടിയും അഭിഷേകിന്റെ പത്നിയുമായ ഐശ്വര്യ റായിക്കും മകൾ എട്ട് വയസ്സുകാരി ആരാധ്യക്കും കൊവിഡ് സ്ഥിരീകരിച്ചു.