1. ഉത്രയെ കൊന്നുവെന്ന് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ സമ്മതിച്ച് സൂരജ്. അടൂരിലെ വീട്ടില്‍ വനംവകുപ്പ് തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ഉത്രയെ കൊന്നുവെന്ന് സൂരജ് പരസ്യമായി കുറ്റസമ്മതം നടത്തിയത്. എന്തിനാണ് കൊലപ്പെടുത്തിയത് എന്ന ചോദ്യത്തിന് മറുപടി നല്‍കിയില്ല. കൊല്ലം അഞ്ചലില്‍ ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതി സൂരജിന്റെ കുറ്റസമ്മതം. കൂട്ടുപ്രതി പാമ്പു പിടുത്തക്കാരന്‍ സുരേഷും ഒപ്പം ഉണ്ടായിരുന്നു. ഉത്രയുടെ സ്വര്‍ണം ഒളിപ്പിച്ച സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനും ജയിലിലാണ്
2. കരഞ്ഞുകൊണ്ട് ആയിരുന്നു സൂരജിന്റെ കുറ്റസമ്മതം. ഉത്രയുടെ മരണത്തില്‍ സംശയമുണ്ടെന്ന് കാട്ടി മാതാപിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചതും ഉത്രയുടെ മരണം കൊലപാതകം ആണെന്ന് തെളിയുകയും ചെയ്തത്. അടൂരില്‍ ഭര്‍തൃ വീട്ടില്‍ പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞ ഉത്ര അഞ്ചലിലെ വീട്ടില്‍ വച്ച് വീണ്ടും പാമ്പ് കടിയേറ്റാണ് മരിച്ചത്. ഉത്രയെ കടിപ്പിച്ച പാമ്പിനെ സൂരജ് പാമ്പു പിടുത്തക്കാരനില്‍ നിന്ന് വാങ്ങുക ആയിരുന്നു.
3.കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സമരങ്ങള്‍ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ച് സമരം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കണം എന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ചട്ടങ്ങള്‍ ലംഘിച്ചുള്ള സമരം കൊവിഡിന്റെ സമൂഹ വ്യാപനത്തിന് കാരണം ആകുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി
4.മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശിങ്കിനെ കസ്റ്റംസ് കൊച്ചിയിലേക്ക് വിളിച്ചു വരുത്തും. ചോദ്യം ചെയ്യാനായി നോട്ടീസ് നല്‍കും. കസ്റ്റംസ് ആക്ടിലെ 108 വകുപ്പ് പ്രകാരം ഉടന്‍ നോട്ടീസ് നല്‍കും. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഗൂഢാലോചന നടന്ന ഫ്ളാറ്റ് കേന്ദീകരിച്ചും അന്വേഷണം മുറുകുക ആണ് എം. ശിവശങ്കറിന് ഫ്ളാറ്റുള്ള അതേ സമുച്ചയത്തില്‍ സ്വപ്നയുടെ ഭര്‍ത്താവിനും ഫ്ളാറ്റ് ഉണ്ടെന്ന് സംശയിക്കുന്നുണ്ട്. സ്വര്‍ണ്ണക്കടത്ത് റാക്കറ്റിലെ മുകള്‍ തട്ടിലെ കണ്ണികളെ വെളുപ്പെടുത്തി റമീസും മൊഴി നല്‍കി. ഫ്ളാറ്റ് ജൂണ്‍ അവസാനം വാടകയ്‌ക്കെടുത്തത് ആണോ എന്നും അന്വേഷിക്കുന്നുണ്ട്. ശിവശങ്കറിന് ഗൂഢാലോചനയില്‍ പങ്കില്ല എന്ന് പ്രതി സരിത്തിന്റെ മൊഴി. കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ ആണ് ഇക്കാര്യം വ്യക്തം ആക്കിയത്. അതേസമയം ശിവശങ്കറിന്റെ ഫ്ളാറ്റിലെ ഗുഢാലോചന സരിത് സ്ഥിരീകരിച്ചു. പല കടത്തിന്റെയും ഗൂഢാലോചന നടന്നത് ഈ ഫ്ളാറ്റില്‍ വച്ച് ആണെന്ന് സരിത് വ്യക്തം ആക്കി. സ്വപ്ന വഴി ആണ് ശിവശങ്കറിനെ പരിചയപെടുന്നത് എന്നും സരിത് പറഞ്ഞു.
5.കരളത്തിലെ സ്വര്‍ണക്കടത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ എന്ന് പൊലീസ്. വിവിധ വിമാന താവളത്തിലൂടെയുള്ള കടത്തിന്റെ മുഖ്യ കേന്ദ്രം കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയാണ്. പൊലീസ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് എന്‍.ഐ.എക്ക് കൈമാറി. അഞ്ച് വര്‍ഷത്തിനിടെ നടന്ന സ്വര്‍ണ കടത്തുകള്‍ കേന്ദ്രീകരിച്ച് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് ആണ് പൊലീസ് റിപ്പോര്‍ട്ട് തയാറാക്കിയത്. പകുതിയിലേറെ കേസിന്റെയും കണ്ണികള്‍ കൊടുവള്ളിയിലുണ്ട്.
6.ഒരു വര്‍ഷത്തിനിടെ കൊടുവള്ളിയിലേക്ക് കടത്തിയത് 100 കിലോയിലെറെ സ്വര്‍ണമാണ്. സ്ത്രീകളെയും കുട്ടികളെയും സ്വര്‍ണം കടത്താന്‍ റിക്രൂട്ട് ചെയ്യുന്നുണ്ട്. ഇതിന്റെ പിന്നില്‍ തീവ്ര സ്വഭാവമുള്ള ചില സംഘടനകള്‍ ആണെന്നും റിപ്പോര്‍ട്ടിലുണ്ട്. നൂറോളം പേരുടെ വിവരങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി. എന്‍.ഐ.എയ്ക്ക് ഇ-മെയില്‍ വഴിയാണ് പൊലീസ് വിവരങ്ങള്‍ കൈമാറിയത്. അതേസമയം, ബംഗളൂരുവില്‍ അറസ്റ്റിലായ സന്ദീപ് നായരെയും സ്വപ്ന സുരേഷിനെയും എന്‍.ഐ.എ ചോദ്യം ചെയ്യാന്‍ തുടങ്ങി. ഇവരില്‍ നിന്ന് കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലും ഫോണുകള്‍ അടക്കം വസ്തുക്കള്‍ ശാസ്ത്രീയ പരിശോധന നടത്തി കിട്ടുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലുമാകും ഇനി വിവരങ്ങള്‍ മുന്നോട്ടു പോകുക.
7.ദീര്‍ഘകാലമായി കസ്റ്റംസ് അന്വേഷിച്ചിരുന്ന സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതി ജലാല്‍ കീഴടങ്ങി. ഇന്നലെ കൊച്ചി കസ്റ്റംസ് ഓഫീസിലാണ് ജലാല്‍ കീഴടങ്ങിയത്. തിരുവനന്തപുരം വിമാന താവളത്തിലെ നയതന്ത്ര സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ റമീസുമായി ഇയാള്‍ക്ക് ബന്ധമുണ്ട് എന്നാണ് വിവരം. കേസില്‍ ജലാലടക്കം മൂന്ന് പേര്‍ കസ്റ്റംസിന്റെ പിടിയിലാണ്. മൂന്ന് പേരെയും ചോദ്യം ചെയ്യുകയാണ്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി 60 കോടിയിലേറെ രൂപയുടെ സ്വര്‍ണ്ണം കടത്തിയതുമായി ബന്ധപ്പെട്ട് ജലാലിനെ കസ്റ്റംസ് തിരഞ്ഞു കൊണ്ട് ഇരിക്കുക ആയിരുന്നു. വളരെ നാടകീയമായാണ് ഇന്നലെ പ്രതി കസ്റ്റംസ് ഓഫീസിലെത്തി കീഴടങ്ങിയത്.
8 എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ സ്വദേശിയാണ്. നെടുമ്പാശേരിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസിലും തിരുവനന്തപുരത്ത് എയര്‍ ഇന്ത്യ സാറ്റ്സ് ജീവനക്കാരന്‍ പ്രതിയായ കേസിലെയും മുഖ്യ കണ്ണി ജലാല്‍ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. റമീസില്‍ നിന്ന് ജലാലടക്കം കസ്റ്റഡിയിലുള്ള മൂന്ന് പേരും സ്വര്‍ണ്ണം വാങ്ങിയെന്നാണ് സംശയം. ഇന്ന് വൈകുന്നേരത്തോടെ മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തും
9.അതിനിടെ, നയതന്ത്ര ചാനല്‍ വഴി ജൂണില്‍ 27കിലോ സ്വര്‍ണം കടത്തിയെന്ന് വ്യക്തമായി. ജൂണ്‍ 24, 26 തീയതികളിലാണ് സ്വര്‍ണ്ണം ഉള്‍പ്പെട്ട ഡിപ്ലോമാറ്റിക് ബാഗ് എത്തിയത്. യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ പേരിലാണ് ബാഗ് എത്തിയത്. ഇത് സരിതാണ് കൈപ്പറ്റിയത്. സ്വര്‍ണം അയച്ചത് ദുബായിലുള്ള ഫൈസല്‍ ഫരീദാണെന്നും വ്യക്തമായി. മലപ്പുറം സ്വദേശിയായ പി.കെ റമീസിന് വേണ്ടിയാണ് സ്വര്‍ണ്ണം എത്തിച്ചത്. ഈ കള്ളക്കടത്തിന് ചുക്കാന്‍ പിടിച്ചത് സന്ദീപ്, സ്വപ്ന, സരിത് എന്നിവരാണ്. ജൂണ്‍ 24 ന് ഒന്‍പത് കിലോ സ്വര്‍ണ്ണവും 26 ന് 18 കിലോ സ്വര്‍ണ്ണവുമാണ് കടത്തിയത്.