ഹരിപ്പാട്: സിഗരറ്റിനെച്ചൊല്ലിയുളള തർക്കത്തിനിടെ അടിയേറ്റയാൾ കുഴഞ്ഞുവീണ് മരിച്ചു. ഹരിപ്പാട് ഗവ. ആശുപത്രിക്ക് മുന്നിൽ ഇന്നുരാവിലെയായിരുന്നു സംഭവം. ഏറെക്കാലമായി ഹരിപ്പാട്ടും പരിസരത്തും കൂലിപ്പണിയെടുത്ത് ജീവിക്കുന്ന മുരുകൻ എന്നയാളാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കരുവാറ്റ സ്വദേശിയായ വിനോദ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുകയാണ്. മുരുകന് ബന്ധുക്കളാരെങ്കിലും ഉണ്ടോ എന്ന് വ്യക്തമല്ല.
മർദ്ദനമാണോ മരണകാരണമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടുവന്നശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്നുമാണ് പൊലീസ് പറയുന്നത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു.